വാക്‌സിനേഷന് അഴൂര്‍ എസ്.ഡി.എ സ്‌കൂള്‍ ലഭിച്ചവര്‍ കുമ്പഴ മൗണ്ട് ബഥനി സ്‌കൂളില്‍ ഹാജരാകണം

post

പത്തനംതിട്ട നഗരസഭയില്‍ രണ്ട് വാക്‌സിനേഷന്‍ 
സെന്ററുകള്‍ പുതുതായി ആരംഭിക്കും

പത്തനംതിട്ട:  നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. 
കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിലും ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലും രണ്ട് വാക്‌സിനേഷന്‍ സെന്റര്‍ പുതുതായി ആരംഭിക്കും. നിലവില്‍ അഴൂര്‍ എസ്.ഡി.എ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ കേന്ദ്രം കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിലേക്ക് മാറ്റും. മൗണ്ട് ബഥനിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷനുവേണ്ടിയുള്ള കേന്ദ്രമാണ് പുതുതായി ആരംഭിക്കുന്നത്. ചൊവാഴ്ച( ജൂണ്‍ 22) മുതല്‍ എസ്.ഡി.എ സ്‌കൂളിലെ വാക്‌സിന്‍ കേന്ദ്രം ഉണ്ടായിരിക്കുന്നതല്ല. എസ്.ഡി.എ സ്‌കൂള്‍ വാക്‌സിനേഷന്‍ കേന്ദ്രമായി ലഭിച്ചവര്‍ കുമ്പഴ മൗണ്ട് ബഥനി സ്‌കൂളില്‍ ഹാജരാകണം. വെട്ടിപ്പുറം ഗവ.എല്‍.പി.എസ് സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രം തുടര്‍ന്നും പ്രവര്‍ത്തിക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. 
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്വകാര്യ സ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള ചുമതല സ്വകാര്യ സ്ഥാപന ഉടമസ്ഥര്‍ക്കും സ്ഥാപന മേലധികാരികള്‍ക്കും ആയിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പുവരുത്തണം. പൊതു ഇടങ്ങളില്‍ ജനങ്ങള്‍ സാമുഹ്യ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കോര്‍കമ്മിറ്റി പോലീസിനു നിര്‍ദ്ദേശം നല്‍കി.  യോഗത്തില്‍ കോര്‍കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ നേതാവ് കെ.ജാസിംകുട്ടി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്. ഡി.വൈ.എസ്.പി പ്രദീപ് കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി ഷെര്‍ളാ ബീഗം, സെക്ടറല്‍ മജിസ്‌ട്രേറ്റ് സുരേഷ് നാരായണന്‍, ലേബര്‍ ഓഫീസര്‍ സുരേഷ്,  നോഡല്‍ ഓഫീസര്‍ വി.സുനിത എന്നിവര്‍ പങ്കെടുത്തു.