കാത്തിരിപ്പിന് വിരാമം: തടിയന്‍വളപ്പ് പാലം പണി അവസാനഘട്ടത്തില്‍

post

കാസര്‍കോട് : എരുമങ്ങളം താന്നിയാടി നിവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കോടോംബേളൂര്‍ പഞ്ചായത്തിലെ തടിയന്‍ വളപ്പ് പുഴക്ക് കുറുകെ നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. പാലത്തിന്റെ മിനുക്ക് പണികള്‍ മാത്രമാണ് ബാക്കിയുള്ളത്. കാസര്‍കോട് വികസന പാക്കേജില്‍ 2.75 കോടി രൂപ ചിലവിലാണ് പാലം പണിതത്. എരുമങ്ങളം താന്നിയാടി റോഡില്‍ മുമ്പ് ഉണ്ടായിരുന്ന ഉപയോഗശൂന്യവും അപകടാവസ്ഥയിലുമായിരുന്ന വീതികുറഞ്ഞ വി.സി.ബി കം ബ്രിഡ്ജിന് പകരമായി ഒരു പാലം നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു. 

21.56 മീറ്ററില്‍ ഒറ്റ സ്പാനിലാണ് പാലം പണിതത്. 7.5 മീറ്റര്‍ വീതിയുളള ഗതാഗത സൗകര്യവും ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയോടും കൂടിയാണ് പാലം നിര്‍മിച്ചത്.  പൊതുമരാമത്ത്‌വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സി. എഞ്ചിനീയറാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലം തുറന്ന് കൊടുക്കുന്നത് പ്രദേശവാസികള്‍ക്കും, കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം ഉപയോഗപ്രദമാകുമെന്നും പാലം നിര്‍മ്മാണത്തിലൂടെ കാര്‍ഷികവ്യാവസായിക മേഖലകള്‍ക്ക് മുതല്‍കൂട്ടാവുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറ ഞ്ഞു. എത്രയും വേഗം ഉദ്ഘാടനം ചെയ്ത് പാലം തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ അറിയിച്ചു.