വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം

post

ആലപ്പുഴ: ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യമൊരുക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. ജില്ല അഡ്ഹോക്ക് ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ജില്ലയില്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലായി 1,68,267 വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ ഡിജിറ്റല്‍ അധ്യയനത്തിലൂടെ പഠിക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത 7,000 വിദ്യാര്‍ഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണക്ക്. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. സന്നദ്ധസംഘടനകള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ വിദ്യാര്‍ഥികളെ സഹായിക്കാനാകും. ഇതിനുള്ള സാഹചര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഒരുക്കണം. പഞ്ചായത്തിനും നഗരസഭകള്‍ക്കും കീഴിലുള്ള പഠനസൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്ത് സഹായം ലഭ്യമാക്കാനാകും. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിന്റെ പേരില്‍ ഒരാളുടെയും പഠനം മുടങ്ങരുത്. ജില്ല പഞ്ചായത്തും ഇതിനുള്ള എല്ലാ പിന്തുണയും നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാനായി പഞ്ചായത്തുകളുടെ വികസന ഫണ്ടില്‍ നിന്നു തുക വകയിരുത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു.

ഈ അധ്യയനവര്‍ഷം ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 32,225 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 12,220 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനയ്യായിരത്തിലധികം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം നേടിയത്.

കോവിഡ് വാക്സിന്‍ ലഭ്യത ഉറപ്പാക്കണമെന്ന് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വാക്സിന്‍ സ്ലോട്ട് ലഭ്യമാകാത്തതും അതതു പഞ്ചായത്തുകളിലെ ആളുകള്‍ക്ക് വാക്സിനേഷന്‍ സൗകര്യം ലഭിക്കാത്തതും യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ ജില്ല ആവശ്യപ്പെട്ടതനുസരിച്ച് 24,500 വാക്സിന്‍ അനുവദിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ല പ്ലാനിങ് ഓഫീസര്‍ എം. ഹുസൈന്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പങ്കെടുത്തു.