കോവിഡ് ബാധിച്ച ക്ഷീരകര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കി 'ദയ' പദ്ധതി

post

ജൂണ്‍ 15ന് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കോവിഡ് രോഗം ബാധിച്ച ക്ഷീരകര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച 'ദയ' പദ്ധതിക്ക് ജൂണ്‍ 15ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ മരുത്തോര്‍വട്ടം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും.

വളര്‍ത്തുമൃഗങ്ങളെ ക്ഷീര സംഘങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം തയാറാക്കിയ വാസസ്ഥലത്തേക്ക് ദത്തെടുത്ത് അവയ്ക്ക് ഭക്ഷണവും ആരോഗ്യസംരക്ഷണവും ഉറപ്പുവരുത്തി പാല്‍ കറന്നു കിട്ടുന്ന വരുമാനം ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയാണ് ദയ.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കാലിത്തീറ്റ വിതരണം അഡ്വ. എ.എം. ആരിഫ് എം.പി. നിര്‍വഹിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ ടീച്ചര്‍, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള , കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഉത്തമന്‍, അഡ്വ. പി.എസ്. ഷാജി, ആര്‍. റിയാസ് എന്നിവര്‍ പങ്കെടുക്കും. ജില്ലാ ക്ഷീര വികസന ഓഫീസര്‍ എ. അനുപമ പദ്ധതി വിശദീകരിക്കും.