പുനലൂര്‍, നീണ്ടകര താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍

post

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍, നീണ്ടകര താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ കാനഡയില്‍ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന അഞ്ച് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് ലഭ്യമാക്കിയത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള നാല് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പി.എസ്.സുപാല്‍ എം.എല്‍.എ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷയ്ക്ക് കൈമാറി. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം, ലയണ്‍സ് ക്ലബ് ഭാരവാഹികളായ എസ്.എം ഖലീല്‍, എസ് നൗഷറുദ്ധീന്‍, എന്നിവര്‍ പങ്കെടുത്തു. നഗരസഭ പരിധിയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും എല്ലാത്തരം മരുന്നുകളും പത്ത് ശതമാനം വിലക്കുറവില്‍ ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നതായും മൊബൈല്‍ മെഡിക്കല്‍ സംഘം രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും ലഭ്യമാക്കുന്നതായും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

ചവറ ബ്ലോക്ക് പരിധിയിലെ നീണ്ടകര താലൂക്കാശുപത്രിയിലേക്കുള്ള ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍  സുജിത് വിജയന്‍പിള്ള എം. എല്‍. എ. ആശുപത്രിക്ക് കൈമാറി. ലയണ്‍സ് ക്ലബ് ഭാരവാഹികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.