കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിര്‍മ്മാണം പൊതുമരാമത്ത് മന്ത്രി വിലയിരുത്തി

post

തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിര്‍മ്മാണം 2022 ഏപ്രില്‍ മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയതായി പൊതുമരാമത്ത് ടൂറിസം - വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 60 ശതമാനം പ്രവൃത്തിയാണ് നിലവില്‍ പൂര്‍ത്തിയായത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ആവശ്യമെങ്കില്‍ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേര്‍ക്കും. ടാര്‍ഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍വ്വീസ് റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി ആലോചിക്കാന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ അധികൃതരെ കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കും. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ഘട്ടത്തില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തി.

എലവേറ്റഡ് ഹൈവേ നിര്‍മ്മാണം മന്ത്രി വിലയിരുത്തി. തുടര്‍ന്ന് അവലോകന യോഗവും ചേര്‍ന്നു. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, കൗണ്‍സിലര്‍ എല്‍ എസ് കവിത, ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.