'ചെങ്ങന്നൂര്‍ സമൃദ്ധി ' പടിഞ്ഞാറ്റ ചാങ്ങപ്പാടം കൃഷിക്കൊരുങ്ങുന്നു

post

ആലപ്പുഴ: തരിശു രഹിത ' ചെങ്ങന്നൂര്‍ സമൃദ്ധി ' പദ്ധതിയുടെ ഭാഗമായി 32 വര്‍ഷമായി കൃഷി ചെയ്യാതിരുന്ന വെണ്മണി പഞ്ചായത്തിലെ പടിഞ്ഞാറ്റ ചാങ്ങപ്പാടം കൃഷിക്കായൊരുങ്ങുന്നു. കൃഷി ഇറക്കുന്നതിന്റെ ആദ്യപടിയായി പാടത്തിലെ തോടും ചാലും മറ്റും ആഴം കൂട്ടുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 

വര്‍ഷങ്ങളായി പാടത്ത് കൃഷി ചെയ്യാതായതോടെ ചെളിയും പായലും അടിഞ്ഞ നിലയിലാണ്. പാടത്തെ തോടിന്റെ ഒഴുക്കും തടസപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തരിശു രഹിത ചെങ്ങന്നൂര്‍ സമൃദ്ധി പദ്ധതിയില്‍  ഉള്‍പ്പെടുത്തി പോളയും ചെളിയും നീക്കി, തൊടിന്റെ ബണ്ട് കെട്ടി ചാല് കീറി വീണ്ടും പാടത്ത് കൃഷിക്കായൊരുക്കുന്നത്. 

തരിശ് രഹിത ചെങ്ങന്നൂര്‍ എന്ന ലക്ഷ്യത്തോടെ ചെങ്ങന്നൂര്‍ എം. എല്‍.എയും ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സജി ചെറിയാന്‍  വിഭാവനം ചെയ്ത 'ചെങ്ങന്നൂര്‍ സമൃദ്ധി ' പദ്ധതിയുടെ ഭാഗമായി എണ്‍പത് ശതമാനത്തോളം പാടശേഖരങ്ങളും തരിശ് രഹിതമായി.