മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നാളെ ധൂമ സന്ധ്യ

post

ആലപ്പുഴ : മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധൂമ സന്ധ്യ പദ്ധതി നടത്താനൊരുങ്ങി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്.    ഇതിന്റെ ഭാഗമായി ഗൃഹാന്തരീക്ഷത്തിലെ അണുക്കളുടെയും കൊതുകിന്റെയും സാനിദ്ധ്യം കുറയ്ക്കാനായി ആയുര്‍വേദ ഔഷധമായ അപരാജിത ധൂമ ചൂര്‍ണ്ണം പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിച്ചു തുടങ്ങി. പദ്ധതിയുടെ വിതരണോദ്ഘാടനം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് നിര്‍വഹിച്ചു. ഇതിനോടൊപ്പം പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഷായ പൊടിയും ഗുളികയും വിതരണം ചെയ്യുന്നുണ്ട്.

പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്യുന്ന അപരാജിത ധൂമ ചൂര്‍ണ്ണം  (ജൂണ്‍ 13 )ഞായറാഴ്ച വൈകിട്ട് ഒരേസമയം പള്ളിപ്പുറത്തെ എല്ലാ വീടുകളും സ്ഥാപനങ്ങളിലും പുകയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്തംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഔഷധ ചൂര്‍ണം പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും എത്തിച്ച് നല്‍കുന്നത്.  മഴക്കാല പൂര്‍വ ശൂചീകരണത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളും പൊതു ഇടങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ശുചീകരിച്ചിരുന്നു. ആയൂര്‍വേദ, ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ ശുചീകരണ- രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്