'നിലാവ്' പദ്ധതിയില്‍ ജില്ലയില്‍ ഒന്നാമതായി തണ്ണീര്‍മുക്കം

post

ആലപ്പുഴ: ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ 'നിലാവ്' പദ്ധതിയില്‍ ജില്ലയില്‍ ഒന്നാമതായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള പരമ്പരാഗത തെരുവുവിളക്കുകള്‍ ഘട്ടംഘട്ടമായി മാറ്റി പകരം എല്‍.ഇ. ഡി. ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണ് 'നിലാവ്' പദ്ധതി. സംസ്ഥാനത്ത് ഫെബ്രുവരിയില്‍ തുടക്കമിട്ട പദ്ധതി 100 ശതമാനം പൂര്‍ത്തീകരിച്ചാണ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമതെത്തിയത്. 

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പൊതുനിരത്തുകള്‍ പ്രകാശപൂരിതമാക്കി. ആദ്യ പാക്കേജില്‍ ലഭിച്ച 500 എല്‍.ഇ.ഡി. ലൈറ്റുകള്‍ പൂര്‍ണ്ണമായും സ്ഥാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ നിലാവ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

പഞ്ചായത്ത് ഭരണ സമിതിക്കൊപ്പം പഞ്ചായത്തിലെ ജീവനക്കാരും പ്ലാന്‍ ക്ലാര്‍ക്ക് ജിമീഷ്, കെ.എസ്.ഇ.ബി. ജീവനക്കാര്‍ എന്നിവര്‍ ഒരുമിച്ചു നിന്നതാണ് പദ്ധതി നൂറുശതമാനം വിജയിക്കാനും പൂര്‍ത്തിയാക്കാനും സാധിച്ചതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍ പറഞ്ഞു.