ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

post

വയനാട് : ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഗോവിന്ദന്‍പാറ പട്ടികവര്‍ഗ കോളനിയില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവിടെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയിലപ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍, ബബിത ബല്‍രാജ് എന്നിവര്‍ നേരിട്ട് കോളനിയിലെത്തുകയായിരുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തിയ കമ്മീഷന്‍ കോളനിവാസികളുടെ പരാതികള്‍ നേരില്‍കേട്ടു.

വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കോളനിയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട 18 കുടുംബങ്ങളും കാട്ടുനായ്ക്ക വിഭാഗത്തില്‍ ആറ്  കുടുംബങ്ങളും ഇവിടെയുണ്ട്. ആകെ 41 കുട്ടികളാണ് കോളനിയിലുള്ളത്. നിലവില്‍ മെന്റര്‍ ടീച്ചറുടെ സഹായത്തോടെ പ്രാദേശിക പഠന കേന്ദ്രത്തില്‍ എത്തിച്ചാണ് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. മാതാപിതാക്കള്‍ അപകടത്തില്‍ മരണപ്പെട്ട് അനാഥരായ രണ്ട് കുട്ടികളെ സര്‍ക്കാരിന്റെ ശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അറിയിച്ചു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.യു. സ്മിത, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി. ചെറിയാന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ് ചെമ്പന്‍തൊടിക, ട്രൈബല്‍ പ്രമോട്ടര്‍മാരായ പി.ഒ. അംബുജം, കെ.ജി. വിജിത, ലീഗല്‍ ചൈല്‍ഡ് പ്രൊബേഷന്‍ ഓഫീസര്‍, ഔട്ട്‌റീച്ച് വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ കമ്മീഷനെ അനുഗമിച്ചു