ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു

post

കാസര്‍കോട്: ഭൂഗര്‍ഭജലനിരപ്പ് അപായനിലയിലെത്തിയ കാസര്‍കോട് ജില്ലയില്‍ രണ്ടുവര്‍ഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ ഫലമായി ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു. മഞ്ചേശ്വരം ബ്ലോക്കില്‍ കിണറുകളില്‍ പരമാവധി ഒമ്പത് മീറ്റര്‍ വരെയും കുഴല്‍ക്കിണറുകളില്‍ പരമാവധി ആറ് മീറ്റര്‍ വരെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കാറഡുക്കയില്‍ മൂന്ന് മീറ്റര്‍ വരെയും കാഞ്ഞങ്ങാട് അഞ്ച് മീറ്റര്‍, നീലേശ്വരം 6.5, കാസര്‍കോട് ഏഴ്, പരപ്പ നാല് മീറ്റര്‍ വരെയുമാണ് കിണറുകളിലെ ജലനിരപ്പ് ഉയര്‍ന്നത്. കുഴല്‍ക്കിണറുകളിലും ആനുപാതികമായി ജലനിരപ്പ് ഉയര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ചെറുതടയണകളുടെ നിര്‍മ്മാണം, പള്ളങ്ങള്‍ വീണ്ടെടുക്കല്‍, തീറ്റപ്പുല്‍ കൃഷി തുടങ്ങിയ ജലസംരക്ഷണ പദ്ധതികളാണ് ഫലം കണ്ടത്. ജലാധിഷ്ഠിത വികസനാസൂത്രണത്തിന്റെ നവീന മാതൃകയാണിത്. ജില്ലയിലെ ആറ് ബ്ലോക്കുകളില്‍ ഭൂഗര്‍ഭജല വകുപ്പ് രണ്ടു വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ന്നതായി കണ്ടെത്തിയതെന്ന് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഒ. രതീഷ് അറിയിച്ചു.

രണ്ട് വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ കാസര്‍കോട് ജില്ലയില്‍ ഭൂഗര്‍ഭ ജലത്തിന്റെ 79.64 ശതമാനവും ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. കേന്ദ്ര ജല ഏജന്‍സികള്‍ അതീവ ഗുരുതരം എന്ന് വിലയിരുത്തിയ കാസര്‍കോട് ബ്ലോക്കിലാകട്ടെ 97.68 ശതമാനമായിരുന്നു ഭൂഗര്‍ഭ ജലചൂഷണം. ഇതേതുടര്‍ന്ന് ജലസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് നേട്ടമായത്.

ജില്ലയിലെ ആറ് ബ്ലോക്കുകളിലെ വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 67 കിണറുകള്‍ നിരീക്ഷിച്ചാണ് ഭൂഗര്‍ഭ ജലനിരപ്പിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തിരഞ്ഞെടുത്ത് നമ്പറിട്ട കുഴല്‍ക്കിണറുകളും തുറന്ന കിണറുകളുമാണ് നിരീക്ഷണ വിധേയമാക്കിയത്. കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഏഴ് (അഞ്ച് കിണറുകള്‍, രണ്ട് കുഴല്‍ക്കണിര്‍), നീലേശ്വരത്ത് എട്ട് (അഞ്ച് കിണര്‍, മൂന്ന് കുഴല്‍ക്കിണര്‍), കാറഡുക്കയില്‍ 13 (ഒമ്പത് കിണര്‍, നാല് കുഴല്‍ക്കിണര്‍), കാസര്‍കോട് ഒമ്പത് (ഏഴ് കിണര്‍, രണ്ട് കുഴല്‍ക്കിണര്‍), മഞ്ചേശ്വരം 14 (എട്ട് കിണര്‍, ആറ് കുഴല്‍ക്കിണര്‍), പരപ്പയില്‍ 16 (12 കിണര്‍, നാല് കുഴല്‍ക്കിണര്‍) എന്നിവയിലാണ് ഒരോ മാസവും നിരീക്ഷണം നടത്തിയത്. 2019 മെയ് മാസം മുതല്‍ 2021 മെയ് മാസം വരെ ഭൂഗര്‍ഭ ജല വകുപ്പ് നടത്തിയ നിരീക്ഷണത്തില്‍ കൂടിയത് ഒമ്പത് മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നതായാണ് കണ്ടെത്തല്‍.

ഭൂഗര്‍ഭ ജലത്തിന്റെ അനിയന്ത്രിതമായ ചൂഷണമാണ് നിരപ്പ് ക്രമാതീതമായി താഴുന്നതിന് കാരണമെന്നായിരുന്നു രണ്ട് വര്‍ഷം മുമ്പ് ജില്ലയിലെത്തിയ കേന്ദ്ര ജലശക്തി മിഷന്‍ പ്രതിനിധികളുടെ നിരീക്ഷണം. സംസ്ഥാനത്ത് താരതമ്യേന കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണെങ്കിലും ചരിഞ്ഞ ഭൂപ്രകൃതിയായതിനാല്‍ വെള്ളം പിടിച്ചുനിര്‍ത്താനാകുന്നില്ല. ഒപ്പം ചെങ്കല്‍ പ്രദേശങ്ങള്‍ കൂടുതലുള്ളതിനാല്‍ വെള്ളം മണ്ണിലേക്കിറങ്ങുന്നതിനും തടസം നേരിട്ടു. പ്രകൃതി സമ്പത്തിന്‍മേലുള്ള കടന്നു കയറ്റം പരിസ്ഥിതി സന്തുലനാവസ്ഥയെ താളം തെറ്റിച്ചതും അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതും ജലക്ഷാമത്തിന്റെ പ്രധാന കാരണങ്ങളായി കണ്ടെത്തി. തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുന്നതും മഴവെള്ള സംഭരണത്തെ തകിടം മറിക്കുന്നുണ്ട്.

ഭൂഗര്‍ഭ ജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, ശുചിത്വ മിഷന്‍ തുടങ്ങിയ വിഭാഗങ്ങളുമായി കൂടിയാലോചിച്ചാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പദ്ധതികള്‍ തയ്യാറാക്കിയത്. നേരത്തെയുണ്ടായിരുന്ന മഴക്കുഴി പദ്ധതികള്‍ ഊര്‍ജിതമാക്കിയായിരുന്നു തുടക്കം. ജില്ലയില്‍ 52770 ഏക്കറിലധികം വരുന്ന പ്രദേശങ്ങള്‍ ചെങ്കല്‍ മേഖലയാണ്. ഇവിടങ്ങളില്‍ വെള്ളം ഭൂമിയിലേക്കിറങ്ങാത്തത് എല്ലാ സമയത്തും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതിന് പ്രതിവിധി കാണുന്നതിനൊപ്പം മഴവെള്ള സംഭരണം, തടയണകള്‍, കുളങ്ങള്‍ തിരിച്ചുപിടിക്കല്‍, പരമ്പരാഗത ജലാശയങ്ങളുടെ പുനരുദ്ധാരണം, വാട്ടര്‍ഷെഡ് പദ്ധതി തുടങ്ങിയവ ആവിഷ്‌കരിച്ചായിരുന്ന ജലസുരക്ഷയിലേക്ക് ജില്ല നീങ്ങിയത്. കിണര്‍ റീചാര്‍ജിങ്, മഴക്കൊയ്ത്ത് തുടങ്ങിയവ അനുബന്ധമായി നടത്തി. മണ്ണിന്റെ ജൈവികത വര്‍ധിപ്പിക്കാന്‍ തീറ്റപ്പുല്‍ കൃഷി, ജനകീയ പങ്കാളിത്തത്തോടെയുള്ള ചെറു തടയണകളുടെ നിര്‍മാണം, പള്ളങ്ങള്‍ വീണ്ടെടുക്കല്‍ തുടങ്ങി ജലസംരക്ഷണം മുന്നില്‍ക്കണ്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വെള്ളത്തിന്റെ ഒഴുക്കുകള്‍ നിരീക്ഷിച്ച് റിങ് ചെക്ക് ഡാം തുടങ്ങിയവയും പ്രാവര്‍ത്തികമാക്കാന്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞു.

മുളംതൈ നടീല്‍ ആയിരുന്നു ഇക്കാലയളവിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്ന്. ഭൂപ്രകൃതിയും മണ്ണിന്റെ ഘടനയുമുള്‍പ്പെടെ പഠിച്ചു കൊണ്ടായിരുന്നു മുളംതൈകള്‍ വെച്ചു പിടിപ്പിക്കാനുള്ള തീരുമാനം. ജില്ലയിലാകെ പദ്ധതി വ്യാപിച്ചതോടെ ദക്ഷിണേന്ത്യയിലെ മുളയുടെ തലസ്ഥാനമാകാനും ജില്ലക്ക് സാധിച്ചു. കുഴല്‍ക്കിണറുകള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നതും ജലനിരപ്പ് വര്‍ധിക്കുന്നതിന് കാരണമായി.