'ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിയുമായി മുണ്ടേരി പഞ്ചായത്ത്

post

കണ്ണൂര്‍: പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നെല്ല് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുണ്ടേരി പഞ്ചായത്ത്. വരുന്ന ഓണക്കാലമാവുന്നതോടെ വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടമായിരിക്കും ഇവിടത്തെ കാഴ്ച. പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു കാര്‍ഷിക സ്വയംപര്യാപ്ത പഞ്ചായത്തായി മാറാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് മുണ്ടേരി പഞ്ചായത്ത്. കരനെല്‍കൃഷിയിലൂടെ ഇവിടെയുള്ള ആറായിരത്തോളം കുടുംബങ്ങള്‍ സ്വന്തം വീട്ടുപറമ്പില്‍ നെല്ല് വിതയ്ക്കും.  

കൊവിഡ് കാലത്ത് സ്വന്തം വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാമെന്ന ലക്ഷ്യത്തോടെയാണ് മുണ്ടേരി പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. 'ഒരു പിടി വിത്ത് ഒരു പറ നെല്ല്' പദ്ധതിക്ക് കൃഷിഭവനാണ് നേതൃത്വം നല്‍കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നെല്‍കൃഷിയില്‍ ഗണ്യമായ കുറവ് ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തി ആ കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യമെന്ന് കൃഷി ഓഫീസര്‍ ടി കൃഷ്ണപ്രസാദ് പറഞ്ഞു. വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടത്തിലും വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തും. സ്വന്തം വീട്ടുമുറ്റത്ത് വിളയിച്ചെടുക്കുന്ന നെല്ലിലൂടെ പുതിയ തലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. വാര്‍ഡുതല കൊവിഡ് ജാഗ്രതാ സമിതികള്‍, അയല്‍കൂട്ടം സമിതികള്‍, കുടുംബശ്രീ, ഹരിത കര്‍മ്മസേന എന്നീ സംഘടനാ സംവിധാനത്തിലൂടെയാണ് വീടുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി നെല്‍വിത്തുകള്‍ വീടുകളില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി ഇരുന്നൂറോളം വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പരിശീലനം കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജൂണ്‍ 10ന് നടത്തും. ഒരു വാര്‍ഡില്‍ നിന്ന് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ എട്ട് വീതം വളണ്ടിയര്‍മാരാണ് ഉണ്ടാവുക. 'നമ്മുടെ ഭക്ഷണം നമ്മുടെ വീട്ട് വളപ്പില്‍' ഉല്‍പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നെല്‍കൃഷിക്ക് പുറമെ മറ്റ് ഉല്‍പന്നങ്ങളും കൃഷി ചെയ്യുന്നുണ്ട്. വീടുകളിലെ അടുക്കള മാലിന്യം കൃഷിക്ക് ജൈവവളമായി ഉപയോഗിക്കാനും സാധിക്കും. മരച്ചീനി, ചേന, ചേമ്പ്, മഞ്ഞള്‍, പപ്പായ, കറിവേപ്പില, വഴുതിന, പച്ചമുളക്, മുരിങ്ങ എന്നിവ വീടുകളിലും വാര്‍ഡ് തലത്തില്‍ വലിയ തോതിലും കൃഷി ചെയ്യും. ഇതിന്റെ തയ്യാറെടുപ്പുകളും ആരംഭിച്ചു. ഓരോ വാര്‍ഡിലും ഓരോ ഉല്‍പ്പന്നം കൃഷി ചെയ്ത് പ്രാദേശിക ചന്തകളിലൂടെ വില്‍പ്പന നടത്തി പഞ്ചായത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കും. വാര്‍ഡ് സമിതികള്‍, അയല്‍കൂട്ടം, കുടുംബശ്രീകള്‍ വഴി എന്നിവരായിരിക്കും ഇതിന് നേതൃത്വം നല്‍കുക.