ലോക പരിസ്ഥിതി ദിനം: നഗരത്തിലെ പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കി പത്തനംതിട്ട നഗരസഭ

post

പത്തനംതിട്ട: കരുതല്‍-ശുചീകരണ യജ്ഞത്തിന്റെയും ക്ലീനിങ് ചലഞ്ചിന്റെയും ഭാഗമായാണ് പത്തനംതിട്ട നഗരത്തിലെ എല്ലാ വാര്‍ഡുകളിലും പൊതുഇടങ്ങള്‍ ശുചീകരിച്ചത്. 32 വാര്‍ഡുകളിലായി അഞ്ഞൂറിലധികം പൊതു ഇടങ്ങളാണ് മാലിന്യം നീക്കി ശുചീകരിച്ചത്. 

കാടുകള്‍ വെട്ടിത്തെളിച്ചും ഓടകള്‍ ശുചീകരിച്ചും അടഞ്ഞുകിടക്കുന്ന ജലനിര്‍ഗമന മാര്‍ഗങ്ങള്‍ വൃത്തിയാക്കിയുമാണു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നഗരസഭാ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. റിംഗ് റോഡിലെ കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന് എതിര്‍വശത്തായുള്ള കൊറ്റംതോട് ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. അഴൂര്‍, കൊടുന്തറ, വലഞ്ചുഴി, കണ്ണങ്കര, കുമ്പഴ, തുടങ്ങിയ പ്രദേശങ്ങളില്‍ ഓടകള്‍ ശുദ്ധീകരിച്ചു. ശുചീകരണ പ്രവര്‍ത്തനത്തില്‍ വിവിധ രാഷ്ട്രീയ- -യുവജന-സന്നദ്ധ സംഘടനകള്‍ പങ്കെടുത്തു. മാലിന്യ രഹിത വഴിയോരം പദ്ധതിയുടെയും തുടക്കമായി. ഇതിന്റെ ഭാഗമായി പ്രസ്‌ക്ലബ്-മേലെവെട്ടിപ്പുറം റോഡിന് വശങ്ങളില്‍ മുന്‍പ് മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി അവിടെ പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹരിത സഹായ സ്ഥാപനമായ ക്രിസ് ഗ്ളോബലിന്റെയും കേരള ഹരിത മിഷന്റെയും സഹകരണത്തോടെയാണ് നഗരസഭ പദ്ധതിക്ക് തുടക്കം കുറിച്ചത്.