ജലജീവന്‍ പദ്ധതി: 27622 പുതിയ കുടിവെള്ള കണക്ഷനുകള്‍ക്ക് അംഗീകാരം

post

പാലക്കാട് : ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി.  ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന  ജലജീവന്‍ മിഷന്‍ ജില്ലാതല യോഗത്തിലാണ് തീരുമാനം. ജില്ലയിലെ  ഒമ്പത് പഞ്ചായത്തുകളിലായി 271 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാനതല ജലശുചിത്വ മിഷന്റെ ഭരണാനുമതി ലഭിക്കുന്നതോടെ പദ്ധതികള്‍ പ്രാവര്‍ത്തികമാകും. ആദിവാസി മേഖലകളില്‍ ഈ വര്‍ഷം  കുടിവെള്ള കണക്ഷനുകള്‍ പൂര്‍ണമായും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ 88 പഞ്ചായത്തുകളെ സഹായിക്കുന്നതിനായി ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ടിങ് ഏജന്‍സികളെ നിയോഗിച്ച് ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി നാരായണന്‍, കേരള വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ആര്‍ ഹരി, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു