കെ ഫോര്‍ കെ : സൗഹൃദ കബഡി മത്സരത്തില്‍ ജില്ലാ കളക്ടറുടെ ടീമിന് വിജയം

post

കൊല്ലം: കബഡി കളിയിലും കേമനാണ് താനെന്ന്  തെളിയിച്ച് കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഐ എ എസ്. കെ ഫോര്‍ കെ ടൂര്‍ണമെന്റുകളുടെ പ്രചാരണാര്‍ഥം പ്രസ്‌ക്ലബ്ബ് ടീമുമായി നടത്തിയ കബഡി മത്സരത്തില്‍ ജില്ലാ കളക്ടറുടെ ടീമിന് ഉജ്വല വിജയം. കളിയില്‍ ആദ്യാവസാനം മിന്നുന്ന പ്രകടനവുമായി ജില്ലാ കളക്ടര്‍ കാഴ്ച്ചക്കാരുടെ മനംകവര്‍ന്നു. 

മാതൃഭൂമി ന്യൂസ് കാമറാമാന്‍ ഷാനവാസ് ഫരീദിന്റെ നേതൃത്വത്തിലായിരുന്നു പ്രസ്‌ക്ലബ്ബ് ടീം ഇറങ്ങിയത്. പക്ഷെ വാര്‍ത്തകളുടെ ചടുലത കളത്തില്‍ കാണിക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആയില്ല. ആദ്യ റൗണ്ടില്‍ തന്നെ വ്യക്തമായ ആധിപത്യം കളക്ടറുടെ ടീമിന് നേടാനായി. 16 പോയിന്റുമായി കളക്ടറുടെ ടീം പ്രസ്‌ക്ലബ്ബിനെ പത്ത് പോയിന്റെ വ്യത്യാസത്തില്‍ തളച്ചു.

തുടര്‍ന്ന് കളക്ടറെ മാത്രമായി ക്യാച്ച് ചെയ്താല്‍ അഞ്ച് പോയിന്റ്  ബോണസ് പ്രഖ്യാപിച്ചു. കൃത്യയാര്‍ന്ന നീക്കത്തിലൂടെ പത്രപ്രവര്‍ത്തകര്‍  ജില്ലാഭരണാധിപനെ അനങ്ങാന്‍ അനുവദിക്കാതെ കരവലയത്തിലാക്കി അഞ്ച് പോയിന്റ് അധികമായി സമ്പാദിച്ചു. എന്നിട്ടും 12 നെതിരെ 23 പോയിന്റുമായി ജില്ലാ കളക്ടറുടെ ടീം വിജയം നേടുകയായിരുന്നു. 

മാധ്യമ പ്രവര്‍ത്തകരുടെ ടീമില്‍ ബിനില്‍ബാബു(മീഡിയ വണ്‍), ബി നിഖില്‍ (ജയ്ഹിന്ദ്), ജി ബിജു (മാതൃഭൂമി), ആസിഫ് പണയില്‍ (മാധ്യമം), പി പ്രവീണ്‍ (ജയ്ഹിന്ദ്), സാബു (എ സി വി), ശ്രീധര്‍ലാല്‍ (കേരള കൗമുദി) തുടങ്ങിവര്‍ അണിനിരന്നപ്പോള്‍ സജി മിറാന്‍ഡ (ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജി എസ് ടി), ലിജി ജോര്‍ജ് (റവന്യൂ), ജോസ് ആന്‍ഡ്രൂസ് , ബി വിജയകുമാര്‍ (ഹെഡ് സര്‍വയര്‍), മഹേഷ്, രാധാകൃഷ്ണന്‍, വൈ ഡി റോബിന്‍സണ്‍, എക്‌സ് ക്ലീറ്റസ് (റവന്യൂ), ഷമീര്‍ തുടങ്ങിയവര്‍ കളക്ടറുടെ ടീമില്‍ മത്സരിച്ചു.