ഭക്ഷ്യധാന്യ മൊത്ത വ്യാപാരികള്‍ സ്റ്റോക്ക് ദിവസവും ഡിക്ലയര്‍ ചെയ്യണം

post

പത്തനംതിട്ട : എല്ലാ പൊതുവിപണി മൊത്ത വ്യാപാരികളും ദിവസവും സ്റ്റോക്ക് വിവരം ഓണ്‍ലൈന്‍ മോഡ്യൂളില്‍ ഡിക്ലയര്‍ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍ കുമാര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പൊതുവിപണിയിലെ ഭക്ഷ്യധാന്യ ലഭ്യത സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവലോകനം ചെയ്യുന്നതിനും, ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യാനുസൃത ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവയ്പ് തടയുന്നതിനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിര്‍ദേശം.  

കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയോ, ഫോണ്‍ മുഖേനയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ വ്യാപാരികള്‍ ലഭ്യമാക്കേണ്ടതാണ്. സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായി ബന്ധപ്പെടാമെന്നും  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വെബ്‌സൈറ്റ്: https://fcainfoweb.nic.in/psp