ചാമക്കാല ഗവ.മാപ്പിള സ്‌കൂളിന് ഇനി പുതിയ ക്ലാസ് മുറികളും പാചകപ്പുരയും

post

തൃശൂര്‍: ചാമക്കാല ഗവ.മാപ്പിള സ്‌കൂളിന് ഇനി പുതിയ ക്ലാസ് മുറികളും പാചകപ്പുരയും. സ്‌കൂള്‍ വാര്‍ഷികാഘോഷത്തോടൊപ്പം ഇവയുടെ ഉദ്ഘാടനവും സ്‌കൂള്‍ അങ്കണത്തില്‍ ഗവ.ചീഫ് വിപ്പ്. കെ രാജന്‍ നിര്‍വഹിച്ചു. പഠനത്തില്‍ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുക എന്നതിനേക്കാള്‍ ഉപരിയായി ജീവിതത്തില്‍ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുക എന്നതായിരിക്കണം പൊതു കലാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45000 ക്ലാസ് മുറികള്‍ ഇതിനോടകം ഹൈടെക്കായി മാറിയെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലാസ് മുറികള്‍ നിര്‍മ്മിച്ചത്. 20 ലക്ഷമാണ് പദ്ധതിത്തുക.  ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ചാണ് പാചകപ്പുര പണിതത്.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. പുതുതായി നിര്‍മ്മിച്ച പാചക പുരയുടെ ഉദ്ഘാടനം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയും നിര്‍വ്വഹിച്ചു. ബെന്നി ബെഹനാന്‍ എം.പി മുഖ്യാതിഥിയായി. പ്രിന്‍സിപ്പാല്‍ ആന്റോ. പി.പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍, ജില്ലാ പഞ്ചായത്തംഗം ബി.ജി.വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം ലൈല മജീദ്, പഞ്ചായത്തംഗങ്ങളായ ഗീതാ മോഹന്‍ദാസ്,

ഷെറീന ഹംസ, ഉമറുല്‍ ഫാറൂഖ്, കയ്പമംഗലം എസ്.ഐ പി.ജി.അനൂപ്, മതിലകം ബി.പി.ഒ ടി.എസ്.സജീവന്‍, പി.ടി.എ.പ്രസിഡന്റ് പി.കെ.ഹംസ, പ്രധാനധ്യാപിക വി. ബീന ബേബി എന്നിവര്‍ സംസാരിച്ചു.  വിരമിക്കുന്ന അധ്യാപകരായ കെ.എം.അബ്ദുള്‍ മജീദ്, ആര്‍.എ.സീനത്ത് എന്നിവര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.