ജനാധിപത്യത്തിന്റെ മുഖമുദ്ര ബഹുസ്വരത; ഭരണഘടനയെ സംരക്ഷിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

പത്തനംതിട്ട : ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നും ഇത് ഉറപ്പാക്കുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്നും ദേവസ്വം- ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭാരതത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതങ്ങളും, വിവിധ സംസ്‌കാരങ്ങളും, വിവിധ ആചാരങ്ങളും, വിവിധ വേഷങ്ങളും, വിവിധ ഭാഷകളും കൂടി ചേരുന്നതാണ് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ നല്‍കുന്ന കെട്ടുറപ്പാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്നത് എക്കാലവും നമ്മുടെ പ്രചോദനമായിരിക്കണം. എന്നാല്‍, ഇന്ന്  ഭരണഘടനയെ അട്ടിമറിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍  ഭരണഘടനയുടെ കാവലാളുകളായി നാം ഓരോരുത്തരും മാറണം. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നിലയുറപ്പിക്കുമെന്ന്  റിപ്പബ്‌ളിക് ദിനത്തില്‍ ഓരോ വ്യക്തിയും പ്രതിജ്ഞയെടുക്കണം.
സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളികളാക്കി മുഖ്യധാരയില്‍ എത്തിക്കാന്‍ ഇനിയും നമുക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരും. നമ്മുടെ രാജ്യത്തെ മതേരതരത്വം മറ്റ് ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയായി മാറിയതാണ്. മതേതരത്വത്തിന് എതിരെയുള്ള ഏത് വെല്ലുവിളിയെയും നമുക്ക് ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ. ''ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നിടത്തോളം മാത്രമേ ഒരു നിയമത്തിന്റെ പവിത്രത നിലനില്‍ക്കുകയുള്ളൂ'' എന്ന് ധീരരക്തസാക്ഷി ഭഗത് സിംഗ് പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ തച്ചുതകര്‍ത്ത് ഈ നാട്ടില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പുതിയ നിയമങ്ങള്‍ക്ക് എന്ത് പവിത്രതയാണ് ഉള്ളതെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗോപാലകൃഷണ ഗോഖലെ പറഞ്ഞത് പോലെ ''നമ്മള്‍ ഹിന്ദുക്കളും മുഹമ്മദീയരും ക്രിസ്ത്യാനികളും ആണെന്നതിനപ്പുറം പ്രാഥമികമായ യഥാര്‍ഥ്യം നമ്മള്‍ ഇന്ത്യക്കാരാണ് എന്നതാണ്''. എന്നാല്‍, ഇന്ന് ഇന്ത്യക്കാരന്‍ എന്ന വികാരത്തിന് മുകളില്‍ ജാതിമതവര്‍ഗീയ വികാരങ്ങള്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ഒന്നായി നിന്ന് പരാജയപ്പെടുത്തേണ്ടത് ഇന്ത്യ എന്ന ആശയത്തോടുള്ള നമ്മുടെ കൂറ് പുലര്‍ത്തല്‍ കൂടിയാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടു കൂട. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായാല്‍ അത് നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് തന്നെ പ്രതിബന്ധം സൃഷ്ടിക്കും.  സൗഹാര്‍ദവും സാഹോദര്യവും സമാധാനവും പുലരുന്ന ഐശ്വര്യപൂര്‍ണമായ ഭാരതം എന്ന സ്വപ്നം തകര്‍ക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും അതിനെ ചെറുക്കേണ്ടതുണ്ട്.
സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ട നമ്മുടെ ഇന്ത്യ നിരവധി പരീക്ഷണങ്ങളെ നേരിട്ട്, വിവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിചേര്‍ന്നത്. 1950 ജനുവരി 26 ന് നമ്മുടെ മഹാരാജ്യം റിപ്പബ്‌ളിക് ആയി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പ് നല്‍കുന്ന വ്യവസ്ഥിതിയുടെ പ്രഖ്യാപനമാണ് ഉണ്ടായത്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം എഴുതിയിരിക്കുന്നത് ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമാണെന്നാണെന്നും മന്ത്രി പറഞ്ഞു. പരേഡില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. മികച്ച പോലീസ് സ്റ്റേഷനുള്ള ഫലകം പത്തനംതിട്ട പോലീസ് സ്റ്റേഷന് സമ്മാനിച്ചു.
വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അലക്സ് പി തോമസ്, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, പത്തനംതിട്ട നഗരസഭാധ്യക്ഷ റോസ്ലിന്‍ സന്തോഷ്, നഗരസഭാ വൈസ് ചെയര്‍മാന്‍ എ. സഗീര്‍,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പത്തനംതിട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിന്ധു അനില്‍, ജാസിം കുട്ടി, റോഷന്‍ നായര്‍, പി.കെ അനീഷ്, അന്‍സാര്‍ മുഹമ്മദ്, റജീനാ ബീവി, സുശീലാ പുഷ്പന്‍, സജിനി മോഹന്‍, ബീനാ ഷരീഫ്, നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍മാരായ രജനി പ്രതീപ് , എ.സുരേഷ് കുമാര്‍,  നഗരസഭാ സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.