ആക്ടീവ് കോവിഡ് കേസുകളില്‍ കുറവുണ്ടായത് ആശ്വാസകരം; മുഖ്യമന്ത്രി

post

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവില്‍ ആക്റ്റീവ് കോവിഡ് കേസുകളില്‍ നേരിയ കുറവുണ്ടായത് ആശ്വാസകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകള്‍ 3,62,315 ആയി കുറഞ്ഞിരിക്കുന്നു.

മെയ് 1 മുതല്‍ 8 വരെ നോക്കിയാല്‍ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്. ആ ഘട്ടത്തില്‍ എട്ടു ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയില്‍ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുകയാണ്. എന്നാല്‍, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായാണ് കാണുന്നത്. കൊല്ലം ജില്ലയില്‍ 23 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

ലോക്ഡൗണിനു മുന്‍പ് നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കര്‍ഫ്യൂവിന്റെയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണ് പൊതുവില്‍ ആക്ടീവ് കേസുകള്‍ കുറയുന്നത്. ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതല്‍ ഒന്നര ആഴ്ച വരെ മുന്‍പ് ബാധിച്ചതായതിനാല്‍ ലോക്ക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാനാകും.

ഇപ്പോള്‍ കാണുന്ന ഈ മാറ്റം ലോക്ഡൗണ്‍ ഗുണകരമായി മാറിയേക്കാം എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട്, ലോക്ക്ഡൗണിന്റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ കൂടെ ഈ ജാഗ്രത തുടര്‍ന്നുകൊണ്ട് മുന്നോട്ടുപോകാം. നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്ക് അപ്പുറത്തേയ്ക്ക് രോഗവ്യാപനം ശക്തമാകാതിരിക്കണം. അതിന് ഈ ലോക്ഡൗണ്‍ വിജയിക്കേണ്ടത് അനിവാര്യമാണ്.

സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിവരുന്നു.

നിരത്തുകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവു. ചുരുക്കം ചിലര്‍ക്ക് വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ പൊതുവേ ട്രിപ്പിള്‍ ലോക്ക്ഡൗണുമായി സഹകരിക്കുന്നു. കോവിഡിനെതിരെ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്. എന്നാലിത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല. ഓക്‌സിജന്‍ മൂവ്‌മെന്റ് നന്നായി നടക്കുന്നു. വല്ലാര്‍ത്ത് പാടത്ത് വന്ന ഓക്‌സിജന്‍ എക്‌സ്പ്രസിലെ ഓക്‌സിജന്‍ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള്‍ അത് പൂര്‍ത്തിയായിട്ടുണ്ട്. അവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂകോസ്, രക്തസമ്മര്‍ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.