റെഡ് അലര്‍ട്ട്: ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

post

വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍

വയനാട് : ജില്ലയില്‍ ഇന്ന് (ശനി) അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴ- തോടു സമീപങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ജില്ലയില്‍ ശനിയാഴ്ച റെഡ് അലര്‍ട്ടും ഞായറാഴ്ച യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (വെള്ളിയാഴ്ച) ഓറഞ്ച് അലര്‍ട്ടാണ്. വൈത്തിരി, മേപ്പാടി, ബത്തേരി, മാനന്തവാടി, തിരുനെല്ലി ഭാഗങ്ങളിലെല്ലാം ഈ ദിവസങ്ങളില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍ക്കു താഴെയും പുഴകളോടും തോടുകളോടും ചേര്‍ന്നും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. നീര്‍ച്ചാലുകളുകളുടെയും ഓടകളുടെയും സുഗമമായ ഒഴുക്കിനു ഒരു തടസ്സവും സൃഷ്ടിക്കരുത്. തടയണകളുടെ ഷട്ടറുകള്‍ തുറന്നിടണമെന്നും ഓടകളുടെയും മറ്റും ബ്ലോക്കുകള്‍ ഒഴിവാക്കണമെന്നും ഇത് സംബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍, ചെറുകിട ജലസേചന വകുപ്പ് തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണം. അഗ്‌നിശമന- രക്ഷാ സേന, റവന്യൂ, ആരോഗ്യം, വനം, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളോടും പൂര്‍ണ സജ്ജരാകുന്നതിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലയുടെ നാലില്‍ മൂന്ന് അതിര്‍ത്തി പ്രദേശങ്ങളും ഉയര്‍ന്ന കുന്നുകളാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചതും ഇവിടങ്ങളിലാണ്. ഇവിടങ്ങളില്‍ നിന്ന് പെട്ടെന്ന് ഒഴുകിയെത്തുന്ന വെള്ളം പുഴകളിലും തോടുകളിലും പെടുന്നനെയുള്ള വെള്ളപ്പൊക്കത്തിന് ഇടയാക്കും. മണ്‍ കട്ടിങ് വലിയ അപകടസാധ്യതയുണ്ടാക്കും. അഞ്ച് മീറ്ററില്‍ കൂടുതല്‍ മണ്ണെടുത്ത് വീടുവെച്ചവര്‍ക്കെല്ലാം മഴക്കാലത്ത് കൂടുതല്‍ ശ്രദ്ധ വേണമെന്ന് കലക്ടര്‍ അറിയിച്ചു.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് 12 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാത്രമേ വെള്ളം ക്രെസ്റ്റ് ലെവലില്‍ എത്തുകയുള്ളൂ എന്നതിനാല്‍ നിലവില്‍ ഭീഷണിയില്ലെന്ന് യോഗം വിലയിരുത്തി. കാരാപ്പുഴ അണക്കെട്ടില്‍ നിന്ന് മെയ് 7 മുതല്‍ മൂന്ന് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിവിടുന്നതിനാല്‍ 40 സെന്റി മീറ്റര്‍ താഴ്ന്നിട്ടുണ്ട്. ആയതിനാല്‍ ഇവിടെയും ഭീഷണിയില്ല. ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ക്ക് പുറമെ എല്ലാ പഞ്ചായത്തുകളിലും സന്നദ്ധ സേന സജ്ജമാണ്. ജില്ലാ പഞ്ചായത്തിന്റെ സന്നദ്ധ സേനയും റെഡ് ക്രോസും താലൂക്ക് അടിസ്ഥാനത്തില്‍ റെസ്‌ക്യൂ ടീമുകളും രംഗത്തുണ്ടാകും. ചെന്നൈയില്‍ നിന്ന് 23 അംഗ ദേശീയ ദുരന്ത പ്രതികരണ സേന വെള്ളിയാഴ്ച വൈകീട്ടോടെ ജില്ലയില്‍ എത്തി.