പത്തനംതിട്ട ലേബര്‍ ഓഫീസ് പുറത്തിറക്കിയ 'ഹം സാഥ് ഹെ' ടെലിഫിലിം ശ്രദ്ധേയമാകുന്നു

post

പത്തനംതിട്ട : ലോക്ഡൗണില്‍ അതിഥിതൊഴിലാളികള്‍ക്ക് കേരളത്തില്‍ തുടരാന്‍ ആത്മവിശ്വാസം നല്‍കുന്ന 'ഹം സാഥ് ഹെ' എന്ന ഹിന്ദി ടെലിഫിലിം പുറത്തിറക്കി ശ്രദ്ധനേടുകയാണ് പത്തനംതിട്ട ലേബര്‍ ഓഫീസ്. കലഞ്ഞൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സജയന്‍ ഓമല്ലൂരാണ് ടെലിഫിലിമിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

പരിഭ്രമിക്കേണ്ട സാഹചര്യമില്ല ഈ കോവിഡ് പ്രതിസന്ധികാലത്തും അതിഥിതൊഴിലാളികള്‍ക്കൊപ്പം സര്‍ക്കാരും ജനപ്രതിനിധികളും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും ഉണ്ടെന്നും സംശയങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായി ബന്ധപ്പെടാമെന്നും നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിമിലൂടെ ബോധവത്കരണം നടത്തുന്നു. ഓമല്ലൂര്‍ മാത്തൂരില്‍ ദിനേശ്, ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം കണ്‍സ്ട്രക്ഷന്‍സ് പശ്ചാത്തല സംവിധാനം ഒരുക്കിയിരിക്കുന്ന ടെലിഫിലിമില്‍ അഭിനയിച്ചിരിക്കുന്നത് ആസാം, ബീഹാര്‍, ബംഗാള്‍ സ്വദേശി  സ്വദേശികളായ സര്‍ക്കാര്‍, ഗണേശ്, അബ്ജല്‍, ദീപാല്‍, രാജ് എന്നിവരാണ്. അതിഥി തൊഴിലാളികളെ ക്യാമറക്ക് മുന്‍പില്‍ എത്തിക്കുവാന്‍ തുടക്കത്തില്‍ അല്‍പ്പം പ്രയാസം നേരിട്ടതായി സജയന്‍ ഓമല്ലൂര്‍ പറഞ്ഞു.

  കൂടാതെ ജില്ലാ ലേബര്‍ ഓഫീസര്‍ പി. ദീപ, കോണ്‍ട്രാക്ടര്‍ ജയചന്ദ്രന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വീഡിയോയുടെ സ്വിച്ച്ഓണ്‍ കര്‍മം വീണാ ജോര്‍ജ് എംഎല്‍എയാണ് നിര്‍വഹിച്ചത്. ദിലീപ് സൂര്യാസ്റ്റുഡിയോ ആണ് ക്യാമറ. ജില്ലാ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എന്‍.വി ഷൈജീഷ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എസ്.ആര്‍.ചിത്രാരാജന്‍, സൂപ്രണ്ട് ടി.ആര്‍ ബിജുരാജ്, ഡിസ്ട്രിക്ക് പ്രോജക്ട് മാനേജര്‍ ടി.എ അഖില്‍കുമാര്‍, പി.സതീഷ് ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.