സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ; മാര്‍ഗരേഖ പാലിക്കുന്നുവെന്ന് ഇന്‍സിഡന്റ് കമാന്റര്‍മാര്‍ ഉറപ്പാക്കണം

post

കണ്ണൂര്‍: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ഇന്‍സിഡന്റ് കമാന്റര്‍മാര്‍ക്കുള്ള മാര്‍ഗ്ഗരേഖ പുറത്തിറങ്ങി. സ്വകാര്യ ആശുപത്രികളിലെ സാധാരണ, ഐ സി യു, വെന്റിലേറ്റര്‍ വിഭാഗങ്ങളിലോരോന്നിലും അമ്പത് ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണം. ഇരുപത്തി അഞ്ച് ശതമാനം കിടക്കകള്‍ ജില്ലാ റഫറലുകള്‍ക്കാണ്.

ഇതില്‍ കിടക്കകള്‍ ഒഴിവുണ്ടെങ്കില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് ജില്ലാ വാര്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഥവാ കെഎഎസ്പി യില്‍ ഉള്‍പ്പെടാത്ത സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള തുക മാത്രമേ കൊവിഡ് ചികിത്സയ്ക്കീടാക്കാന്‍ പാടുള്ളൂ.

കെ എ എസ് പി പാനലിലുള്ള  ആശുപത്രികള്‍ക്ക് കെ എഎസ്പി നിരക്ക് ബാധകമാണ്.

ഐസിയു വെന്റിലേറ്റുകള്‍ എന്നിവയിലുള്ള രോഗികളുടെ എണ്ണം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍  ആയി update ചെയ്യണം. വെന്റിലേറ്റര്‍ ഉപയോഗത്തിലില്ലെങ്കില്‍ അത് കണക്കില്‍ ചേര്‍ക്കരുത്. കൊവിഡ് ഒ പിയിലും പ്രവേശന കൗണ്ടറിലും ചികിത്സാ നിരക്ക് പൊതുജനങ്ങള്‍ കാണും വിധം പ്രദര്‍ശിപ്പിക്കണം. ഇവ പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിഴ

ചുമത്തുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

കിടക്കകള്‍, ഓക്‌സിജന്‍ എന്നിവ സംബന്ധിച്ച മുഴുവന്‍ കണക്കും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ആശുപത്രികള്‍ രേഖപ്പെടുത്തണം. സ്റ്റോക്ക്, ആവശ്യം, ശേഷി,വിതരണം,ഉപയോഗം  എന്നീ ക്രമത്തിലാവണം കണക്കുകള്‍ നല്‍കേണ്ടത്. ഓക്‌സിജന്‍ ആവശ്യകത

കൊവിഡ് ജാഗ്രത  പോര്‍ട്ടലില്‍ ചേര്‍ക്കാത്ത ആശുപതികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കില്ലെന്ന കാര്യം എല്ലാ സ്വകാര്യ ആശുപത്രികളേയും ഇന്‍സിഡന്റ് കമാന്റര്‍മാര്‍ ക്യത്യമായി അറിയിക്കേണ്ടതാണ്. ആശുപത്രികളിലെ കൊവിഡ് രോഗികളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കമാന്റര്‍മാര്‍ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.