ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയുമായി പോലീസ്

post

ഇടുക്കി: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ഇടുക്കി - എറണാകുളം ജില്ലകളുടെ അതിര്‍ത്തിയായ അച്ചന്‍കവല, ഇടുക്കി - കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ നെല്ലാപ്പാറ എന്നിവിടങ്ങളിലൂടെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളുമായി എത്തുന്നവരെ മാത്രമാണ് കടത്തി വിടുന്നത്. ഇരു ജില്ലകളില്‍ നിന്നും ഓരോ സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനായി റോഡില്‍ ബാരിക്കേടിന് പുറമെ അതിര്‍ത്തിയിലെ ഗതാഗതം ഒറ്റവരിയായി നിയന്ത്രിച്ചിട്ടുമുണ്ട്. വ്യക്തമായ രേഖകളുടെ അഭാവത്തില്‍ വാഹനവുമായി എത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച് മടക്കി അയക്കും. ലോക്ക് ഡൗണ്‍ അവസാനിക്കും വരെയും ഇവിടങ്ങളില്‍ പരിശോധനയുണ്ടാവും.