തൊഴില്‍-സംരംഭകത്വം ഉറപ്പാക്കുന്ന പാഠ്യരീതിക്ക് ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധര്‍

post

പാലക്കാട് : ആധുനിക ശാസ്ത്ര മേഖലയിലെ വളര്‍ച്ചയ്ക്കനുസൃതമായി യുവതലമുറയ്ക്ക് തൊഴില്‍ ലഭ്യതയും സംരംഭകത്വവും ഉറപ്പാക്കുന്ന പാഠ്യ  രീതികള്‍ക്ക് ഊന്നല്‍  നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ ആരംഭിച്ച ഫാബ് ലാബ്, കൊച്ചിന്‍ സൂപ്പര്‍ ഫാബ് ലാബ് എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പോളിടെക്നിക് മേഖലയില്‍ ആദ്യമായാണ് സ്റ്റാര്‍ട്ടപ്പ് പദ്ധതി ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യതയുള്ള ഈ നൂറ്റാണ്ടില്‍ ലോകമെമ്പാടും സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലായി 20 മിനി ഫാബ് ലാബുകളാണുളളത്. ഇരുപത്തിഒന്നാമത്തെ ഫാബ് ലാബാണ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങള്‍ക്ക് അനവധി ബിസിനസ് ആശയങ്ങള്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇവ ഒരു ചരടില്‍ കോര്‍ത്ത് സംസ്ഥാനത്ത് വ്യവസായ സാധ്യത വര്‍ധിപ്പിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും  കഴിയുമെന്നതാണ് സ്റ്റാറ്റസ് സംരംഭങ്ങളുടെ പ്രത്യേകത.  ജില്ലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ അനന്തസാധ്യതകള്‍ മുന്നില്‍കണ്ടാണ് ഫാബ് ലാബ് ആരംഭിച്ചിരിക്കുന്നത്. വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് അവരുടെ അനുഭവസമ്പത്ത്,  ജോലിയിലെ കഴിവ്,  ആശയവ്യക്തത എന്നിവ കൂടുതലാണെന്നും  ഇവരെ സംരക്ഷിക്കാന്‍ കൂടിയാണ് ഇത്തരം കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള പഠന സാഹചര്യങ്ങളും അധ്യാപനരീതിയും  മികച്ച സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കും. കാലത്തിനൊത്ത അധ്യാപനവും പഠനപ്രവര്‍ത്തനങ്ങളും  ഫലപ്രദമായി നടപ്പില്‍ വരുത്തി ഗവ. പോളിടെക്നിക്കുകളെ  മികവിന്റെ  കേന്ദ്രങ്ങളാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.