കോവിഡിനെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി ആയുര്‍വേദ വിഭാഗം

post

മലപ്പുറം: ജില്ലയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വീടുകളില്‍ തന്നെ കഴിയുന്ന  പോസിറ്റീവായ കൂടുതല്‍ പേര്‍ സര്‍ക്കാരിന്റെ ആയുര്‍വേദ ചികിത്സാ പദ്ധതിയായ ഭേഷജത്തിന്റെ ഗുണഭോക്താക്കളാകുന്നു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടുകൂടിയ കാറ്റഗറി എ വിഭാഗത്തിലെ രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ നവംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുമതി നല്‍കിയത്.  

ജില്ലയിലാകെ 114 ആയുര്‍രക്ഷാ ക്ലിനിക്കുകളാണുള്ളത്. ആയിരത്തിലധികം  രോഗികളാണ് ദിനംപ്രതി  ആയുര്‍വേദ സ്ഥാപനങ്ങളിലെ ആയുര്‍രക്ഷാ ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സയ്ക്ക് വിധേയമാകുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ആശ പ്രവര്‍ത്തകര്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നും മരുന്നുകള്‍ ഹോം ഐസൊലേഷനിലുള്ള രോഗികള്‍ക്ക് എത്തിക്കുന്നത്. രോഗമുക്തി വന്നവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനര്‍ജനി പദ്ധതിയും എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്.

ജില്ലയില്‍ ആയുര്‍വേദ വിഭാഗം ക്വാറന്റൈനില്‍ കഴിയുന്നവരുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ആവിഷ്‌ക്കരിച്ച  ടെലി  കൗണ്‍സിലിങായ 'കൂടെ' പദ്ധതി നിരവധി പേര്‍ക്ക് ഉപകാരപ്രദമായിരുന്നു . കൂടെ പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന തല ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് പുറമെ നാഷനല്‍ ആയുഷ് മിഷന്‍, കോട്ടക്കല്‍ ആയുര്‍വേദ കോളേജ്, കോട്ടക്കല്‍ ആയുര്‍വേദ മാനസീകരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയും ഹെല്‍പ്പ് ലൈനില്‍  സഹകരിക്കുന്നു. 250 -ല്‍ പരം സേവന സന്നദ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരാണ് ഹെല്‍പ്പ് ലൈനില്‍   സൗജന്യമായി സേവനമനുഷ്ഠിക്കുന്നത്.

ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിനായി 10 ലക്ഷം രൂപ അടിയന്തിര ഫണ്ടായി അനുവദിച്ചിട്ടുണ്ട്. രോഗികള്‍ക്ക് വിളിക്കാനും പൊതുജനങ്ങള്‍ക്ക്   വിവരങ്ങള്‍ അന്വേഷിക്കാനും ആയുര്‍വേദ മെഡിക്കല്‍  അസോസിയേഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍- -7034940000