വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ഇന്ന് തുറക്കും

post

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍  വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ മെയ് ആറ് മുതല്‍ കാഞ്ഞങ്ങാട് കോവിഡ് വാക്്സിനേഷന്‍ രജിസ്‌ട്രേഷന്‍ സഹായകേന്ദ്രം ആരംഭിക്കും.  ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വയോക്ഷേമ കോള്‍ സെന്ററിന്റെ അനുബന്ധമായിട്ടാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുക. വയോജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി മെയ് 31 വരെ സഹായകേന്ദ്രത്തിലേയ്ക്ക് വിളിയ്ക്കാം. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ സഹായകേന്ദ്രം പ്രവര്‍ത്തിക്കും.  വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആവശ്യമുള്ള വയോജനങ്ങള്‍ ആധാര്‍ നമ്പര്‍, ആധാര്‍ പ്രകാരമുള്ള പേര്, മേല്‍വിലാസം, ആധാര്‍ പ്രകാരമുള്ള ജനന വര്‍ഷം, ഫോണ്‍ നമ്പര്‍, തൊട്ടടുത്തുള്ള വാക്‌സിനേഷന്‍ സെന്ററിന്റെ വിവരങ്ങള്‍ എന്നിവ നല്‍കണം. 

ജില്ലയിലെ വയോജനങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിയ്ക്കുകയും ഇനിയും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വയോജനങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതിനുമാണ് സഹായ  കേന്ദ്രം വഴി ലക്ഷ്യമിടുന്നത്. ജില്ലയില്‍ വാക്‌സിനേഷന്‍ ലഭ്യമാകാത്ത മുഴുവന്‍ വയോജനങ്ങളും  സേവനം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് പറഞ്ഞു.  04672289000 എന്ന ഫോണ്‍ നമ്പറിലേക്ക് വയോജനങ്ങള്‍ക്ക്  സഹായത്തിനായി വിളിക്കാം.