ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ: കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

post

മലപ്പുറം: ജില്ലയില്‍  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന്  ഗ്രാമപഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുഴക്കാട്ടിരി, പോത്തുകല്‍, മാറാക്കര എന്നീ പഞ്ചായത്തുകളിലാണ് മെയ് 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  30 ശതമാനത്തിനും മുകളിലായ സാഹചര്യത്തില്‍  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റുമായ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ജില്ലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി. ഇതോടെ ജില്ലയിലാകെ 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ പ്രാബല്യത്തിലായി.

ചാലിയാര്‍, ചോക്കാട്, തുവ്വൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളില്‍ മെയ് 15 വരെയും അമരമ്പലം, ആതവനാട്, ആലംങ്കോട്, ഇരിമ്പിളിയം, ഊര്‍ങ്ങാട്ടിരി, ഊരകം, ഏ.ആര്‍ നഗര്‍, എടപ്പാള്‍, എടയൂര്‍, എടരിക്കോട്, എടവണ്ണ, ഒഴൂര്‍, കണ്ണമംഗലം, കരുളായി, കല്‍പ്പകഞ്ചേരി, കാലടി, കാവന്നൂര്‍, കാളികാവ്, കീഴുപ്പറമ്പ, കുഴിമണ്ണ, കുറ്റിപ്പുറം, കൊണ്ടോട്ടി, ചീക്കോട്, ചുങ്കത്തറ, ചെറുകാവ്, ചേലേമ്പ്ര, താനാളൂര്‍, താനൂര്‍, തിരുന്നാവായ, തിരൂരങ്ങാടി, തിരുവാലി, തേഞ്ഞിപ്പലം, നന്നമ്പ്ര, പരപ്പനങ്ങാടി, പള്ളിക്കല്‍, പുളിക്കല്‍, പുറത്തൂര്‍, പെരുമ്പടപ്പ്, പെരുവള്ളൂര്‍, പോരൂര്‍, മക്കരപ്പറമ്പ, മംഗലം, മമ്പാട്, മാറഞ്ചേരി, മുതുവല്ലൂര്‍, മൂത്തേടം, മൂന്നിയൂര്‍, മൊറയൂര്‍, വണ്ടൂര്‍, വളവന്നൂര്‍, വാഴക്കാട്, വാഴയൂര്‍, വെട്ടം, വെളിയംങ്കോട്, വേങ്ങര എന്നിവിടങ്ങളില്‍ മെയ് 14 വരെയും നിരോധനാജ്ഞ തുടരും.

സിആര്‍പിസി 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. വിവാഹം നടത്തുന്നത് സംബന്ധിച്ച് വിവരങ്ങള്‍ മുന്‍കൂട്ടി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരം ചടങ്ങുകളില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ട് പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. മരണാനന്തര ചടങ്ങുകള്‍ക്ക് കൃത്യമായ സാമൂഹിക അകലം പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രമാണ് അനുമതി. മത സ്ഥാപനങ്ങളില്‍ പ്രാര്‍ത്ഥനകള്‍ / മതപരമായ മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് സ്ഥാപനത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ച് വ്യക്തികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ കഴിയുന്ന വിധം പരമാവധി 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. ക്രിമിനല്‍ പ്രൊസീഡ്യര്‍ കോഡ് (സിആര്‍പിസി)  സെക്ഷന്‍ 144 പ്രകാരമുള്ള നിയമങ്ങള്‍  ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 269, 188, 270, കേരള പോലീസ് ആക്ട്  120 (o) പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തെയും കണക്കിലെടുത്ത്  മേല്‍ നിബന്ധനകളില്‍ യാതൊരു വിധത്തിലുമുള്ള ഇളവുകളും അനുവദനീയമല്ല.