കോവിഡ് നിയന്ത്രണങ്ങളോടെ പെന്‍ഷന്‍ വിതരണം മേയ് മൂന്നുമുതല്‍

post

പത്തനംതിട്ട: കോവിഡ് സാഹചര്യത്തില്‍ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് മൂന്ന് മുതല്‍ ഏഴു വരെയുളള തീയതികളില്‍ പെന്‍ഷന്‍ വിതരണം കോവിഡ് നിയന്ത്രണങ്ങളോടെ നടത്തും.  കോവിഡ് സാഹചര്യത്തില്‍ ട്രഷറി ജീവനക്കാരുടെയും  പെന്‍ഷന്‍കാരുടെയും പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്.

ക്രമ നമ്പര്‍, തീയതി, പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.

മേയ് മൂന്നിന് രാവിലെ 10 മുതല്‍ ഒന്നു വരെ പി.ടി.എസ്.ബി  അക്കൗണ്ട് നമ്പര്‍  പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും  ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്നവര്‍ക്കും, മേയ് നാലിന് രാവിലെ 10 മുതല്‍ ഒന്നു വരെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍ക്കും,  മേയ് അഞ്ചിന് രാവിലെ 10 മുതല്‍ ഒന്നു വരെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ അവസാനിക്കുന്നവര്‍ക്കും

മേയ് ആറിന് രാവിലെ 10 മുതല്‍ ഒന്നു വരെ അക്കൗണ്ട് നമ്പര്‍  ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു  മുതല്‍ നാലു വരെ അക്കൗണ്ട് നമ്പര്‍ ഏഴില്‍ അവസാനിക്കുന്നവര്‍ക്കും മേയ് ഏഴിന് രാവിലെ 10 മുതല്‍ ഒന്നു വരെ അക്കൗണ്ട് നമ്പര്‍  ഏഴില്‍ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ പി.ടി.എസ്.ബി, അക്കൗണ്ട് നമ്പര്‍ ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കുമാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നതെന്ന് ജില്ലാ ട്രഷറി ഓഫീസര്‍(ഇന്‍ ചാര്‍ജ്) അറിയിച്ചു.

പനിയോ മറ്റ് രോഗലക്ഷണം ഉള്ളവരോ, നിരീക്ഷണത്തില്‍ കഴിയുന്ന രോഗികളുമായി സമ്പര്‍ക്കമുള്ളവരോ നേരിട്ട് ട്രഷറിയില്‍ ഇടപാടിനായിട്ടെത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. ഇത്തരത്തില്‍ ട്രഷറികളില്‍ എത്താന്‍ സാധിക്കാത്ത പെന്‍ഷന്‍കാര്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ കൃത്യമായ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി ചെക്കിനോടൊപ്പം സമര്‍പ്പിക്കുകയാണെങ്കില്‍ ആ ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ ട്രാന്‍സ്ഫര്‍ ക്രഡിറ്റ് ചെയ്യും.

മുതിര്‍ന്ന പൗരന്‍മാരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ആരോഗ്യപ്രശ്‌നമുള്ളവരിലും രോഗവ്യാപനത്തിന് ഏറെ സാധ്യതയുള്ളതിനാലും പെന്‍ഷന്‍ പണം അക്കൗണ്ടുകളില്‍ സുരക്ഷിതമായി നിലനില്‍ക്കുമെന്നുള്ളതിനാലും പണത്തിന് അത്യാവശ്യമുള്ളവര്‍ മാത്രം  ഈ ഘട്ടത്തില്‍ ട്രഷറിയില്‍ എത്തിയാല്‍ മതിയാകുമെന്നും ജില്ലാ ട്രഷറി ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

ടോക്കണ്‍ എടുത്തതിനുശേഷം പരമാവധി ശാരീരിക അകലം പാലിച്ച് തങ്ങളുടെ ഊഴം എത്തുംവരെ കാത്തിരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടേയും പോലീസിന്റേയും ട്രഷറി ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. പരമാവധി അഞ്ചിടപാടുകാരെ മാത്രമേ ഒരു മീറ്റര്‍ അകലം പാലിച്ച് ഒരേ സമയം കൗണ്ടറിനു മുന്നില്‍ നില്‍ക്കാന്‍ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും ട്രഷറി ഉദ്യോഗസ്ഥരല്ലാതെ മറ്റൊരാളേയും ട്രഷറിക്കുള്ളില്‍ പ്രവേശിപ്പിക്കുന്നതല്ല. പെന്‍ഷന്‍ കൈപ്പറ്റിയാല്‍ ഉടന്‍തന്നെ കര്‍ശനമായും ട്രഷറിയുടെ പരിസരം വിട്ട് പോകേണ്ടതാണ്. യാത്രാ ഇളവുകള്‍ക്ക് ട്രഷറി രേഖകളായ പാസ്ബുക്ക്, ചെക്ക്ബുക്ക് എന്നിവ കാണിക്കാം.