കോവിഡ് 19: ജില്ലയില്‍ ഓക്സിജന്‍ വാര്‍ റൂം

post

ആലപ്പുഴ: ജില്ലയില്‍ രണ്ടാംഘട്ട കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ വാര്‍ റൂം സജ്ജം. ആലപ്പുഴ സബ് കളക്ടര്‍ എസ്. ഇലക്യ നോഡല്‍ ഓഫീസറാണ്. ആശുപത്രികള്‍, സി.എഫ്.എല്‍.റ്റി.സി.കള്‍, സി.എസ്.എല്‍.റ്റി.സി.കള്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആവശ്യമുള്ളതും അടിയന്തര സാഹചര്യത്തില്‍ കരുതലായി സ്റ്റോക്ക് ചെയ്യേണ്ടതുമായ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നത് നിരീക്ഷിക്കുന്നതിനായാണ് വാര്‍ റൂം.

മെഡിക്കല്‍ ഓക്സിജന്റെ ഉത്പാദനം, ഗതാഗതം എന്നിവ വിലയിരുത്തി ഓക്സിജന്‍ ലഭ്യതയും കരുതലും ഉറപ്പാക്കുക, ജില്ലയിലെ കോവിഡ് ആശുപത്രികള്‍, സി.എഫ്.എല്‍.റ്റി.സി, സി.എസ്.എല്‍.റ്റി.സി എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ ലഭ്യതയും കരുതലും ഉറപ്പാക്കുക എന്നതാണ് വാര്‍ റൂമിന്റെ ലക്ഷ്യം. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഓക്സിജന്‍ യുക്തമായി ഉപയോഗിക്കുന്നുണ്ടന്നും പാഴാക്കി കളയുന്നില്ലെന്നും ഉറപ്പാക്കും. മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത സംബന്ധിച്ച് ദിവസവും അവലോകനം നടത്തി ദുരന്ത നിവാരണ സമിതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, ജില്ലയില്‍ അധികമായുള്ളതും നിലവില്‍ ഉപയോഗിക്കാത്തതുമായ സിലിണ്ടറുകള്‍ സംഭരിച്ച് ഓക്സിജന്‍ വിതരണത്തിനായി സജ്ജമാക്കുക, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുക, ഇതര ജില്ലകളിലെ പ്ലാന്റുകളില്‍ നിന്നും ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുക എന്നിവയാണ് വാര്‍ റൂമിന്റെ ചുമതലകള്‍.