ഭൗമ സൂചിക പദവിയുമായി തിരൂര്‍ വെറ്റില അന്താരാഷ്ട്ര നിലവാരത്തിലേക്ക്

post

മലപ്പുറം: രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ചതും വീട്ടു വൈദ്യത്തിലും ആയൂര്‍വേദ ചികിത്സാ വിധികളിലും വരെ പേര് കേട്ടതുമായ തിരൂര്‍ വെറ്റിലക്ക് ഭൗമസൂചിക പദവി. ഭൗമസൂചിക പദവി ലഭിച്ചതോടെ തിരൂര്‍ വെറ്റിലയുടെ പ്രശസ്തിയും വിലയും വര്‍ദ്ധിക്കുമെന്നും വെറ്റില മുറുക്കാത്തവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധം സംസ്‌കരിച്ച ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ സഹായത്തോടെ ശ്രമിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. തിരൂര്‍ വെറ്റിലയ്ക്കു ലഭിച്ച ഭൗമ സൂചിക പദവിയുടെ വിളംബര ശില്‍പ്പശാല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ തല കര്‍ഷക അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. എടയൂര്‍ മുളകുള്‍പ്പടെ സംസ്ഥാനത്ത് പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന ഉത്പന്നങ്ങളുടെ ഭൗമ സൂചക പദവിക്കായി ശ്രമിക്കുമെന്നും ശാസ്ത്രീയമല്ലാത്ത കൃഷിരീതികള്‍ കാര്‍ഷിക രംഗത്തേക്ക് പുതിയ കടന്നു വരവിനെ ഇല്ലാതാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക രുചിയും ഔഷധഗുണവും വലുപ്പവുമാണ് തിരൂര്‍ വെറ്റിലയെ മറ്റു പ്രദേശങ്ങളിലെ വെറ്റിലകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലേക്കുമായി കയറ്റുമതി ചെയ്യുന്ന തിരൂര്‍ വെറ്റില തിരൂര്‍ താലൂക്കിലെ 270  ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ശ്രമഫലമായാണ് തിരൂര്‍ വെറ്റിലയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചത്.

ഭൗമ സൂചികപദവിയുടെ പത്ര കൈമാറ്റം മന്ത്രി തിരൂര്‍ വെറ്റില ഉത്പാദക സംഘം പ്രസിഡന്റ് ബാവ മൂപ്പനും സെക്രട്ടറി മേലേതില്‍ ബീരാന്‍ കുട്ടിക്കും നല്‍കി നിര്‍വഹിച്ചു. തിരൂര്‍ വെറ്റിലയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.