കോവിഡ് വ്യാപനം വര്‍ധിക്കുമ്പോള്‍ സ്വയം സുരക്ഷ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍

post

മലപ്പുറം : കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗം ഗുരുതര ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. പൊതു ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവര്‍ വൈറസ് ബാധക്കുള്ള സാഹചര്യങ്ങള്‍ തിരിച്ചറിയണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും രോഗ വ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇതിന് പൊതുജന പിന്തുണ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് വൈറസ് ബാധയില്‍ നിന്ന് സ്വയം സുരക്ഷിതരാകാനുള്ള പോംവഴി. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. രോഗികളുടെ എണ്ണമുയരുമ്പോളും വന്‍തോതിലുള്ള രോഗവ്യാപനം തടയാനുള്ള നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചിരിക്കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിന്റെ നേത്വത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടുള്ള പ്രതിരോധ പദ്ധതികള്‍ നടന്നുവരികയാണ്. ഈ ഘട്ടത്തില്‍ ആശങ്കപ്പെടാതെ പ്രതിരോധത്തില്‍ കണ്ണികളാകാന്‍ മുഴുവന്‍ പേരും തയ്യാറാകണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

വൈറസ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യം തടയേണ്ടത് അത്യന്താപേഷിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. വൈറസ് ബാധിതരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം ഉറപ്പാക്കുകയും കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയാക്കണം. വീട്ടിലെത്തിയാല്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പായി കുളിച്ച് ശരീര ശുദ്ധി ഉറപ്പാക്കണം. മാസ്‌കിന്റെ ശരിയായ ഉപയോഗം വൈറസ് വ്യാപനം തടയുന്നതില്‍ പ്രധാന ഘടകമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

ജില്ലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ മമേഖലയിലേക്കുള്‍പ്പടെ വ്യാപിപ്പിച്ച് ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.