കരുതിയിരിക്കാം രണ്ടാം ഘട്ട കോവിഡിനെ; ജില്ലയില്‍ വാക്സിനേഷന് വിപുലമായ സൗകര്യങ്ങള്‍

post

മലപ്പുറം: കോവിഡ് രണ്ടാം ഘട്ടം കൂടുതല്‍ രൂക്ഷവും അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി മാറിയ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതയോടൊപ്പം വാക്സിനേഷനും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. ജില്ലയിലെ പ്രതിദിന കോവിഡ് നിരക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുകയാണ്. മരണ നിരക്ക് കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം വാക്സിനേഷനും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ കോവിഡ് വാക്സിന്‍ നല്‍കി വരുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന്‍ നല്‍കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഒരു ഡോസിന് 250 രൂപക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിന്‍ സ്വീകരിക്കുന്നതിനായി www.cowin.gov.in എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ സെല്‍ഫ് രജിസ്ട്രേഷന്‍ ലിങ്ക് വഴി ആധാര്‍ നമ്പര്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കുത്തിവെപ്പ് കേന്ദ്രവും സമയവും തെരെഞ്ഞെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ ലഭിക്കുകയുള്ളൂ.

രജിസ്ട്രേഷന്‍

1. www.cowin.gov.in എന്ന  പോര്‍ട്ടലില്‍ self registration  എന്ന ലിങ്കില്‍ പ്രവേശിക്കുക.

2. മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്താം.

3. പിന്നീട് വാക്സിന്‍ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം, തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങള്‍ എന്നിവ നല്‍കണം.

4. സംസ്ഥാനം, ജില്ല എന്നിവ തെരഞ്ഞെടുത്താല്‍ വാക്സിനേഷന്‍ കേന്ദ്രം ഷെഡ്യൂള്‍ ചെയ്യാവുന്നതാണ്.

5. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിനേഷന്‍ സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ് ആയി ലഭിക്കും.

6. ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്സിന്‍ ലഭ്യതക്കനുസരിച്ച് തൊട്ടടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കുകയും ചെയ്യാം.

വാക്സിനേഷന്‍

1. വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ മാസ്‌ക് ധരിക്കുകയും കൃത്യമായ ശാരീരിക അകലം പാലിക്കുകയും കൈകള്‍ ശുചിയാക്കുകയും ചെയ്യണം.  

2. കാത്തിരിപ്പ് കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കുകയും ഊഴമനുസരിച്ച് വാക്സിന്‍ സ്വീകരിക്കുകയും ചെയ്യാം.

3. വാക്സിന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖ കാണിച്ച് വെരിഫിക്കേഷന്‍ നടത്തി വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

4. വാക്സിന്‍ സ്വീകരിച്ച ശേഷം 30 മിനിറ്റ് നിരീക്ഷണത്തില്‍  ഇരുന്നതിന് ശേഷം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം തിരിച്ച് പോകാവുന്നതാണ്.

5. വാക്സിന്‍ സ്വീകരിച്ചതിന് ശേഷവും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

രണ്ടാം ഡോസ് വാക്സിന്‍

1. കോവാക്സിന്‍ ആണ് സ്വീകരിച്ചതെങ്കില്‍ 28 - 42 ദിവസത്തിനുള്ളിലും കോവിഷീല്‍ഡ് ആണ് സ്വീകരിച്ചെതെങ്കില്‍ 42 - 56 ദിവസത്തിനുള്ളിലും രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാം.

2. രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതിനായി വീണ്ടും www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യേണ്ടതാണ്.