പകര്‍ച്ചവ്യാധി പ്രതിരോധവും മാലിന്യ നിര്‍മാര്‍ജനവും പരസ്പരപൂരകം – മുഖ്യമന്ത്രി

post

തിരുവനന്തപുരം:  പകര്‍ച്ചവ്യാധി പ്രതിരോധവും മാലിന്യ നിര്‍മാര്‍ജനവും പരസ്പരപൂരകമാണെന്നും ഇതുള്‍ക്കൊണ്ട് വീഴ്ചയുണ്ടാകാതിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ജനങ്ങളാകെ സാമൂഹ്യപ്രതിബദ്ധതാ കാഴ്ചപ്പാടോടെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ആര്‍ദ്രം മിഷന്റെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച 'ആരോഗ്യ ജാഗ്രത 2020'ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യസേവനരംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാനാണ് ആരോഗ്യ ജാഗ്രത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്. 2018 ല്‍ ആരംഭിച്ച പദ്ധതി രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ നല്ല പുരോഗതി നേടാന്‍ കഴിഞ്ഞു. ഇക്കാലയളവില്‍ പകര്‍ച്ചവ്യാധി മരണങ്ങളില്‍ സാരമായ കുറവുണ്ടായി. നേരത്തെയുള്ള മഴക്കാല പൂര്‍വ ശുചീകരണം കുറേകൂടി വ്യാപിപ്പിച്ച് തുടരുന്നുണ്ട്. കാലനുസൃതമായ മാറ്റം വേണം എന്ന തിരിച്ചറിവാണ് ആരോഗ്യ ജാഗ്രതയ്ക്ക് കാരണമായത്. തുടര്‍ച്ചയായ ബോധവത്ക്കരണത്തിലൂടെ ശക്തമായ പ്രതിരോധം തീര്‍ക്കണം. അങ്ങനെ മാത്രമേ രോഗങ്ങളെ അകറ്റി നിര്‍ത്താനാകൂ. വര്‍ഷം മുഴുവന്‍ നീളുന്ന പരിപാടികളാണ് ലക്ഷ്യം വയ്ക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും കാരണം ഈ വര്‍ഷം വളരെ കാര്യക്ഷമമായാണ് ആരോഗ്യ ജാഗ്രത നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെയുള്ള സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ജനപ്രതിനിധകള്‍ പങ്കാളികളാണ്. ഓരോ പൗരനും സ്വന്തം ഉത്തവാദിത്വം ഏറ്റെടുത്ത് കാലാനുസൃതമായ മാറ്റം വരുത്തണം. വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ജീവിത ശൈലീ രോഗങ്ങള്‍ ചെറുക്കുക, മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുക, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവയിലെല്ലാം തദ്ദേസ്വയംഭരണ വകുപ്പാണ് മുഖ്യ ചുമതലക്കാര്‍. മാലിന്യ നിര്‍മ്മാര്‍ജനം ഫലപ്രദമാക്കുന്നത് തദ്ദേശസ്വയംഭരണ വകുപ്പാണ്. ഇത്തരമൊരു സാമൂഹ്യമായ വലിയ ഉത്തരാദിത്വം എല്ലാ സ്ഥാപങ്ങള്‍ക്കും ഉണ്ട്. മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ട് നീങ്ങണം.ജാഗ്രത വീഡിയോ, ആര്‍ദ്രം ജനകീയ കാമ്പയിന്റെ തപാല്‍ കവര്‍ പ്രകാശനം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കൈപുസ്തകം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തയ്യാറാക്കിയ ഗുഡ് ബൈ ഈഡിസ് ചലഞ്ച് 2020 എന്നിവയും ഉദ്ഘാടനം ചെയ്തു.എന്‍.എച്ച്.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ കേല്‍കര്‍ സ്വാഗതമാശംസിച്ചു. വി.കെ. പ്രശാന്ത് എം.എല്‍.എ., മേയര്‍ കെ. ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബിവി, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജമുന, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രിയ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാജു എന്നിവര്‍ സംസാരിച്ചു.