കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളില്‍ 100 പേര്‍; തുറസായ സ്ഥലത്ത് 200 പേര്‍

post

തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളില്‍ നടക്കുന്ന യോഗം, പരിപാടികള്‍ തുടങ്ങിയവയില്‍ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളില്‍ നടക്കുന്ന  പരിപാടികളില്‍ പരമാവധി 200 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുവാദം. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ സംഘാടകര്‍ ചടങ്ങില്‍ പാസ് സംവിധാനം ഏര്‍പ്പെടുത്തണം. 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍/ സലൈവ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായവര്‍ക്കും ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കും മാത്രമെ പ്രവേശനം അനുവദിക്കൂ. വിവാഹം, മരണാനന്തര ചടങ്ങ്, സാംസ്‌കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്. പരിപാടികള്‍ രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം. പരിപാടികളില്‍ കഴിയുന്നതും പാഴ്സലോ ടേക്ക് എവെ രീതിയിലോ ആകണം ആഹാരം വിതരണം ചെയ്യേണ്ടത്. ഇഫ്താര്‍ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് മതനേതാക്കളും ജില്ലാ ഭരണകൂടവും ജനങ്ങളെ പ്രേരിപ്പിക്കണം.

കച്ചവട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങള്‍ ഡോര്‍ ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.  കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ഷോപ്പിംഗ് മേളകളും മെഗാ സെയിലുകളും രണ്ട് ആഴ്ചത്തെക്കോ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെയോ മാറ്റിവയ്ക്കണം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തിരക്ക് ഒഴിവാക്കാനായി ടേക്ക് എവെ, ഹോം ഡെലിവെറി സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകള്‍, റസ്സോറന്റ്, സിനിമ തിയറ്റര്‍ എന്നിവിടങ്ങളില്‍ അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സ്ഥാപനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള സ്ഥലങ്ങളില്‍ (മാള്‍, തിയറ്റര്‍, ഓഡിറ്റോറിയം) പ്രവേശനം നിയന്ത്രിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും പ്രവേശന കവാടങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ് ഏര്‍പ്പെടുത്തുകയും വേണം.

ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇത് ഉറപ്പാക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി യോഗങ്ങള്‍ പരമാവധി ഓണ്‍ലൈനിലൂടെയാക്കാനും നിര്‍ദ്ദേശമുണ്ട്. ആശുപത്രി ഒ.പി കളിലെ തിരക്ക് ഒഴിവാക്കാനായി ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി സംവിധാനം ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) ഉയരുന്ന തദ്ദേശ ഭരണസ്ഥാപന പരിധിയില്‍ ജില്ലാ മജിസ്‌ട്രേറ്റിന് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.