കോവിഡ് പ്രതിരോധം: പരിശോധനകൾ ശക്തമാക്കി പോലീസ്

post

എറണാകുളം: കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പരിശോധനകൾ പോലീസ് ശക്തമാക്കി. എറണാകുളം റൂറൽ ജില്ലാ പരിധിയിൽ കഴിഞ്ഞ നാല് ദിവസത്തിനുളളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് 337 കേസുകൾ രജിസ്റ്റർ ചെയ്തു. 

സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളിൽ പെറ്റി കേസുകൾ രജിസ്റ്റർ ചെയ്യും. കോവിഡ് പ്രതിരോധം ശകതമാക്കുന്നതിന്റെ ഭാഗമായി പോലീസ് പട്രോളിംഗ് സംഘങ്ങൾ പൊതു സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ,  പൊതു, സ്വകാര്യ ചടങ്ങുകൾ നടക്കുന്നിടങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. 

സ്വകാര്യ വാഹനങ്ങളിലും സർവ്വീസ് വാഹനങ്ങളിലും കോവിഡ് ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനായി പ്രത്യേക പരിശോധന നടത്തും. കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള വിവിധ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കും പോലീസ് സേന രൂപം നൽകിയിട്ടുണ്ട്.