കോവിഡ് 19 : ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു

post

ആലപ്പുഴ:  ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി ഉയര്‍ന്നു.  മാര്‍ച്ചില്‍ നാലു ശതമാനമായിരുന്നു.  നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായവര്‍ക്കു വേണ്ടി വ്യാഴാഴ്ച ആരംഭിച്ച ആര്‍ട്ടി -പി സി ആര്‍ ടെസ്റ്റ് തുടരുകയാണ്. ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്.

തോട്ടപ്പള്ളി മേഖലയില്‍ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച 94 പേരില്‍ 56 പേര്‍ മാത്രമാണ് ഇന്നലെ (10/4/2021) തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിട്ടുള്ളവര്‍ എല്ലാവരും വരും ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.  

 ഇന്ന് (ഞായറാഴ്ച 11/4/2021)  ചേര്‍ത്തല മണ്ഡലത്തിലുള്ളവര്‍ക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും, ആലപ്പുഴ മണ്ഡലത്തിലുള്ളവര്‍ക്കായി ജനറല്‍ ആശുപത്രിയിലും ഹരിപ്പാട് മണ്ഡലത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കായംകുളം മണ്ഡലത്തില്‍ ഉള്ളവര്‍ക്ക് കായംകുളം താലൂക്ക് ആശുപത്രിയിലും ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉള്ളവര്‍ക്കായി  ജില്ല ആശുപത്രിയിലും ആര്‍ ടി  പിസിആര്‍ ടെസ്റ്റ് നടത്തും. അറിയിപ്പ് ലഭിച്ചവര്‍ അതത് ആശുപത്രികളില്‍ പരിശോധനയ്ക്കായി എത്തണം. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് പരിശോധന.