വിദ്യാര്‍ഥികള്‍ക്ക് കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്ന് വിളവെടുപ്പുത്സവം

post

കൊല്ലം : വിദ്യാര്‍ഥികള്‍ക്ക് കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കി വിളവെടുപ്പുത്സവം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ 32 സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളിലാണ് വിളവെടുപ്പുത്സവം നടത്തിയത്. കൃഷി ചെയ്യാനും പരിപാലിക്കാനും വിളവെടുക്കാനുമുള്ള അറിവ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാനാണ്  പരിപാടി സംഘടിപ്പിച്ചത്. പയര്‍, പടവലം, വെണ്ട, ചീര, പാവയ്ക്ക എന്നിങ്ങനെ വിവിധ തരത്തിലുള്ള പച്ചക്കറികളാണ് ജൈവ കൃഷിയിലൂടെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വിളയിച്ചെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് വഴിയാണ് കൃഷി ചെയ്യുന്നതിന് ആവശ്യമായ തൈകളും വളവും നല്‍കിയത്. ഓരോ സ്‌കൂളിനും അഞ്ച് ഇനത്തില്‍പ്പെട്ട 200 തൈകള്‍, 100 മണ്‍ചട്ടികള്‍, 100 കിലോ വളം എന്നിവയാണ് നല്‍കിയത്. ഇവിടേക്ക് ആവശ്യമായ പച്ചക്കറി തൈകള്‍ ബ്ലോക്ക് ലെവല്‍ പ്ലാന്റ്  നഴ്‌സറി, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മസേന എന്നിവരില്‍ നിന്നാണ് ശേഖരിച്ചത്. തുടര്‍ പരിപാലനത്തിനായി 3000 രൂപയും നല്‍കിയിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനൊപ്പം കാര്‍ഷിക സംസ്‌കാരത്തെ വരുംതലമുറയിലേക്ക് നയിക്കാന്‍ ഉതകുന്നതാണ് പദ്ധതിയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി പറഞ്ഞു.