സി വിജില്‍: പരാതികള്‍ കൈകാര്യം ചെയ്തതില്‍ ജില്ല ഏറെ മുമ്പില്‍

post

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം പൊതുജനങ്ങള്‍ക്ക് അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയുള്ള സിവിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ ജില്ല ഏറെ മുമ്പില്‍. ഇതുവരെ ജില്ലയില്‍ 15551 പരാതികള്‍ സി വിജില്‍ വഴി ലഭിച്ചു. അവ്യക്തതയുള്ളതും കഴമ്പില്ലാതുമായ 346 പരാതികള്‍ ഒഴിവാക്കി. ബാക്കി 15205 കേസുകളും പരിഹരിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ 1019 കേസുകളും അമ്പലപ്പുഴയില്‍ 731 കേസുകളും അരൂര്‍ മണ്ഡലത്തില്‍ 810 കേസുകളും ചെങ്ങന്നൂരില്‍ 2538 കേസുകളും ചേര്‍ത്തലയില്‍ 1227 കേസുകളും ഹരിപ്പാട് 3827 കേസുകളും കായംകുളം 1297 കേസുകളും കുട്ടനാട് 2860 കേസുകളും മാവേലിക്കരയില്‍ 1145 കേസുകളും സിവിജില്‍ വഴി ലഭിച്ചു. ഇതില്‍ ചിലത് മണ്ഡലത്തില്‍ തന്നെ നടത്തിയ പരിശോധനയില്‍ കഴമ്പില്ലാത്തതാണെന്ന് കണ്ട് ഒഴിവാക്കിയിട്ടുണ്ട്.

അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികളും ലഭിച്ചത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി വിജില്‍ ആപ്പ് വഴി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ളൈയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കും.പരാതി ലഭിച്ച് 100 മിനുട്ടിനകം പരിഹാരം കാണണമെന്നാണ് സിവിജില്‍ ആപ്പില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ലഭിച്ച 14261 കേസുകളും ഈ പറഞ്ഞ സമയ പരിധിക്കുള്ളില്‍ പരിഹരിക്കാന്‍ ജില്ലയ്ക്കായി. സി  വിജില്‍ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കല്‍, മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സിവിജില്‍ മുഖേന പരാതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ചിത്രമോ വീഡിയോ ദൃശ്യമോ ആണ് അയക്കേണ്ടതാണ്. ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സിവിജില്‍, എം.സി.സി നോഡല്‍ ഓഫീസര്‍ പ്ലാനിങ് ഓഫീസര്‍ എം.ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിവിജിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.