നാളെ(ഏപ്രില്‍ 6) ബൂത്തിലേക്ക്; വോട്ടര്‍മാര്‍ 21,35,830

post

ജില്ലയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണം  ജില്ലാ കലക്ടര്‍

കൊല്ലം : ജില്ലയില്‍ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇന്നലെ(ഏപ്രില്‍ 4)  അവസാന റാന്‍ഡമൈസേഷന്‍ നടത്തി. ഇന്ന്(ഏപ്രില്‍ 5) രാവിലെ എട്ടു മുതല്‍ വിതരണ കേന്ദ്രത്തിലെ കൗണ്ടറില്‍ നിന്നും ഓരോ ബൂത്തിന്റെയും ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥ സംഘത്തിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോളിങ് സാമഗ്രികള്‍ കൈപ്പറ്റാം. തുടര്‍ന്ന്  റൂട്ട് ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക വാഹനങ്ങളില്‍ ബൂത്തുകളിലേക്ക് എത്തിക്കും.

പോളിംഗ് സ്റ്റേഷനുകളില്‍ ബൂത്ത് ക്രമീകരണം നടത്തി പോള്‍ മാനേജര്‍ ആപ്പില്‍  ലൊക്കേഷന്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യണം. വോട്ടെടുപ്പ് ദിവസവും തലേന്നുമാണ്  ആപ്പ് ഉപയോഗിക്കാന്‍ അനുമതി. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് 'ഗൂഗിള്‍ പ്ലേ സ്റ്റോര്‍' വഴി ലഭ്യമാകുന്ന ആപ്പ് ഉപയോഗിക്കാവുന്നത്. ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളില്‍നിന്നും വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പോള്‍ മാനേജറിലൂടെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും വരണാധികാരികള്‍ക്കും തത്സമയം നിരീക്ഷിക്കാവുന്ന സംവിധാനമാണിത്. വോട്ടിങ് മെഷീന്‍ തകരാറുകളോ ക്രമസമാധാന പ്രശ്‌നങ്ങളോ കാരണം പോളിങ് തടസപ്പെട്ടാല്‍ എസ്.ഒ.എസ് മുഖേന ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറാനും സാധിക്കും. ആപ്പുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഓരോ വിതരണകേന്ദ്രത്തിലും വരണാധികാരിയുടെ നേതൃത്വത്തില്‍ ആറ് സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

പ്രിസൈഡിങ് ഓഫീസര്‍, മൂന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍  എന്നിവരെ കൂടാതെ സാനിട്ടൈസേഷന്‍, തെര്‍മല്‍ ചെക്കിങ് എന്നിവയ്ക്ക് രണ്ടു പേരെ കൂടി ഉദ്യോഗസ്ഥ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന്(ഏപ്രില്‍ 5) വൈകിട്ട് ബൂത്തുകളിലെ പോളിങ് ഏജന്റ്മാരെ നിശ്ചയിക്കും. പൊലീസ് പട്രോളിങ്, സെക്ടറല്‍ ഓഫീസര്‍മാര്‍, നിരീക്ഷകര്‍ എന്നിവരുടെ മേല്‍നോട്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. 1438 പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും 26 പോളിംഗ് സ്റ്റേഷനുകളില്‍ സി.സി.ടി.വി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ളതും സെന്‍സിറ്റീവ് ആയതുമായ പോളിങ് സ്റ്റേഷനുകളില്‍ കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ(ഏപ്രില്‍ 6)  രാവിലെ അഞ്ചര മണിയോടെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ ചെയ്ത് പരിശോധിച്ചശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന വോട്ടിംഗ് പ്രക്രിയ വൈകിട്ട് ഏഴു മണിവരെ തുടരും. ഏഴു മണിക്ക് ക്യുവില്‍ ഉള്ളവരെയും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. തുടര്‍ന്ന് അവസാന മണിക്കൂറില്‍ കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടിടാം. കോവിഡ് രോഗികളുടെ വോട്ടിംഗ് സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റും നല്‍കുന്നുണ്ട്. ഓരോ അര മണിക്കൂര്‍ ഇടവിട്ട്  പോളിങ് ഉദ്യോഗസ്ഥര്‍ പോള്‍ മാനേജര്‍ ആപ്പ് വഴി പോളിങ് നില രേഖപ്പെടുത്തും. വോട്ടിടല്‍ പൂര്‍ത്തിയാകുമ്പോള്‍ വിശദമായ പോളിങ് വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണം.

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായാല്‍ മാറ്റി സ്ഥാപിക്കേണ്ട ചുമതല  സെക്ടറല്‍ ഓഫീസര്‍മാര്‍ക്കാണ്. ഇവരുടെ യാത്രാമാര്‍ഗം നിരീക്ഷിക്കുന്നതിനുള്ള(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) 'എലി ട്രെയ്‌സസ്' ആപ്പും ഈ തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. പോളിംഗ് അവസാനിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍  വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്യണം. റൂട്ട് ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിത വാഹനങ്ങളില്‍ തിരികെ സ്വീകരണ കേന്ദ്രത്തില്‍ എത്തി വോട്ടിംഗ് യന്ത്രങ്ങള്‍ കൗണ്ടറില്‍ തിരികെ ഏല്‍പ്പിക്കണം. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യാത്രയ്ക്ക് കെ.എസ.്ആര്‍.ടി.സിയുടെ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ക്ക്  പരിഹാരം കാണാനുള്ള 'സി വിജില്‍ ആപ്പ്, സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള 'സുവിധ കാന്‍ഡിഡേറ്റ്' ആപ്പ് എന്നിവയും ഈ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നു.

മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റ് സംവിധാനം പൂര്‍ത്തിയായതും ഇത്തവണത്തെ പ്രത്യേകതയാണ്. കാഴ്ച പരിമിതിയുള്ള സമ്മതിദായകര്‍ക്ക് പരസഹായം കൂടാതെ വോട്ടവകാശം രേഖപ്പെടുത്തുന്നതിന് ഓരോ പോളിംഗ് ബൂത്തിലും ബ്രയില്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറും ലഭ്യമാക്കും. പ്രിസൈഡിംഗ് ഓഫീസര്‍ കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് അവ വായിച്ച് നോക്കുന്നതിനായി നല്‍കേണ്ടതും ശേഷം വോട്ടര്‍മാര്‍ പരസഹായം കൂടാതെ തന്നെ വോട്ട് രേഖപ്പെടുത്തേണ്ടതുമാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള തപാല്‍ ബാലറ്റ് സൗകര്യം വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പിന് എല്ലാ മേഖലയിലും ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പ്രവര്‍ത്തനവും നടത്തുന്നുണ്ട്. മാതൃകാ ബൂത്തുകള്‍, വനിതാ ബൂത്തുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പരമാവധി പേരെ വോട്ടു ചെയ്യിക്കുന്നതിനുള്ള സന്ദേശ പ്രചാരണം വ്യത്യസ്ത മാധ്യമങ്ങളിലൂടെ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തി. അനധികൃത പണമിടപാടോ മറ്റു ചട്ടലംഘനങ്ങളോ തടയുന്നതിന് പൊലീസിന്റെ സഹകരണത്തോടെയുള്ള സുശക്ത പ്രവര്‍ത്തനങ്ങളും നടത്തി. എക്‌സൈസ് സംഘവും മതിയായ പരിശോധന നടത്തി. മാധ്യമങ്ങള്‍ വഴി  തിരഞ്ഞെടുപ്പ് ചട്ടലംഘനം നിരീക്ഷിക്കുന്നതിനും അനന്തര നടപടികള്‍ക്കുമായി മീഡിയ മോണിറ്ററിങ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.