പോളിങ് ബൂത്തുകളിലും ഹരിത ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍

post

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുളള ഹരിതചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തെരഞ്ഞെടുപ്പ് നിര്‍വ്വഹണ പ്രവര്‍ത്തികളിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ്.

പ്ലാസ്റ്റിക്, പേപ്പര്‍, തെര്‍മോക്കോള്‍ എന്നിവയില്‍ നിര്‍മ്മിച്ച എല്ലാത്തരം ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കണം. മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുക. അജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക. വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കണം.

പോളിങ് ബൂത്തുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ജൈവമാലിന്യങ്ങളില്‍ പ്രധാനമായും ഭക്ഷണാവശിഷ്ടങ്ങള്‍ ആണ് ഉണ്ടാകുക. ഭക്ഷണം കഴിക്കുന്നതിന് സ്റ്റീല്‍, സെറാമിക് പാത്രങ്ങള്‍ ഉപയോഗിക്കണം. ഇതിനായി പ്രത്യേക ബിന്‍ സ്ഥാപിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോട്ടില്‍, പ്ലേറ്റ്, ഗ്ലാസ്സ് എന്നിവ കരുതുന്നത് നന്നായിരിക്കും. വാഴയിലപ്പൊതികള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക് കുപ്പിവെളളം പരമാവധി ഒഴിവാക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളിലോ / സ്ഥലമുളളയിടങ്ങളില്‍ ചെറിയ കുഴിയെടുത്ത് മൂടിയതിനുശേഷം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവവിമുക്തമാക്കും.

ഭക്ഷണത്തിനുപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വസ്തുക്കള്‍, പാത്രങ്ങള്‍, ഗ്ലാസ്സുകളില്‍ അലുമിനിയം ഫോയില്‍, പേപ്പറുകള്‍, പായ്ക്കിംഗ് മെറ്റീരിയലുകള്‍ എന്നിവയടങ്ങിയ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം ബിന്നുകളില്‍ ശേഖരിച്ച് പോളിംഗ് സ്റ്റേഷനുകളില്‍ നിയോഗിക്കുന്ന ഹരിതകര്‍മ്മസേനകളുടെ സേവനം പ്രയോജനപ്പെടുത്തി മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളിലേയ്ക്ക് മാറ്റും. സമ്മതിദായകര്‍ ഉപയോഗിക്കുന്ന ഗ്ലൗസ് പ്രത്യേകം ബോക്‌സുകളില്‍ ശേഖരിച്ച് എം.സി.എഫ്. കളില്‍ എത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

കോവിഡ് 19 മായി ബന്ധപ്പെടുന്ന വസ്തുക്കളായ ഗ്ലൗസ്, മാസ്‌ക് എന്നിവ ഇതിനായി പ്രത്യേകം നല്‍കിയിട്ടുളള മഞ്ഞ, ചുവപ്പ് ബാഗുകളില്‍ നിക്ഷേപിക്കണം. ഇതില്‍ കത്തിച്ചുകളയാന്‍ പറ്റുന്നത് ഗൗണ്‍, മാസ്‌ക്, ഹെഡ്കവര്‍, ഷൂ കവര്‍, ഏപ്രണ്‍ എന്നിവ മഞ്ഞ ബാഗില്‍ നിക്ഷേപിക്കണം.

ഗ്ലൗസ്, കൈയ്യുറ, ഗോഗിള്‍സ് (കണ്ണട), ഫേസ് ഷീല്‍ഡ് തുടങ്ങിയ കത്തിച്ചുകളയാന്‍ പറ്റാത്തവ ചുവന്ന ബാഗില്‍ നിക്ഷേപിക്കണം.

ഇമേജുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവ കൈമാറുന്ന കേന്ദ്രങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് ക്രമീകരിക്കുന്നതാണ്.

പോളിംഗ് സ്റ്റേഷനുകള്‍ പോളിംഗ് ദിവസത്തിന് മുമ്പായി അണുവിമുക്തമാക്കുകയും വോട്ടെടുപ്പിന് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന മുഖേന നീക്കം ചെയ്യുന്നതുമായിരിക്കും. ഇതിന് ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം അരോഗ്യവകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കും. കൂടാതെ ആവശ്യമായ സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, സാനിട്ടൈസര്‍, ഫെയ്‌സ് ഷീല്‍ഡ് എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനം സജ്ജമാക്കുന്നതാണ്. ഇതിനായി ഓരോ തദ്ദേശശ്വയംഭരണസ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ ചുമതല നല്‍കിക്കൊണ്ട് ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരിതതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാശുചിത്വമിഷന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരുകയാണ്.

ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് അങ്കണത്തില്‍ പോളിംഗ് ബൂത്തിന്റെ മാതൃക തയ്യാറാക്കി. ഹരിത തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും ശുചിത്വസന്ദേശ ഗാനങ്ങളടങ്ങളിയ പൂതപ്പാട്ട് എന്ന കലാരൂപം അവതരിപ്പിച്ചു. കൂടാതെ ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും പോളിംഗ് ബൂത്തുകള്‍ പാലിക്കേണ്ട ഹരിതമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാനശുചിത്വമിഷന്റെയും സഹകരണത്തോടെ തയ്യാറാക്കിയ ഹരിതചട്ടപാലനം എന്ന കൈപ്പുസ്തകം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്തിച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്.