ഹാജരാകാനാവാത്ത വോട്ടര്‍'മാരെ തേടി ഇന്ന് മുതല്‍ പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും

post

കോഴിക്കോട്: വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ വോട്ടര്‍മാരെ തേടി പോളിങ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച(26-3-21) മുതല്‍ വീടുകളിലെത്തും. ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ആദ്യമായാണ് ഇവര്‍ക്ക് സ്പെഷ്യല്‍ തപാല്‍വോട്ട് ഏര്‍പ്പെടുത്തിയത്. കോവിഡ് രോഗവ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ആണ് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഈ സംവിധാനം. നേരത്തേ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ വോട്ടുചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഒരു മണ്ഡലത്തിലെ വരണാധികാരിക്കു കീഴില്‍ മുപ്പത് ടീമുകളായാണ് പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുക.  രണ്ട് പോളിങ് ഉദ്യോഗസ്ഥരും  ഒരു നിരീക്ഷകനും ഒരു പോലീസുകാരനും ഒരു വീഡിയോ ഗ്രാഫറും ഓരോ ടീമിലുമുണ്ടാകും. വോട്ടര്‍മാരെയും സ്ഥാനാര്‍ത്ഥികളെയും മുന്‍കൂട്ടി അറിയിച്ച ശേഷമാകും പോളിംഗ് ടീം വീടുകളില്‍ എത്തുക. എസ്.എം.എസ്. മെസ്സേജ് വഴിയോ ബി.എല്‍.ഒ.മാര്‍ വഴിയോ ആണ് വോട്ടര്‍മാര്‍ക്ക് വിവരം കൈമാറുക.  സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ വരണാധികാരിയുടെ മുന്‍കൂര്‍ അനുമതിയോടെ  പോളിംഗ് ഏജന്റുമാരായി ബൂത്ത് ലെവല്‍ ഏജന്റുമാരെ  നിയോഗിക്കാവുന്നതാണ്. വോട്ടിങ്ങിന്റെ രഹസ്യംസ്വഭാവം നഷ്ടപ്പെടുത്താത്തവിധത്തില്‍ മുഴുവന്‍ നടപടികളും വീഡിയോയില്‍ പകര്‍ത്തും.

ജില്ലയില്‍ 80 നു മുകളില്‍ പ്രായമുള്ള 27,403 പേരും 7417 ഭിന്നശേഷിക്കാരും 30 കോവിഡ് രോഗികളുമാണ്  സ്‌പെഷ്യല്‍ തപാല്‍ വോട്ടിനു അര്‍ഹരായിട്ടുള്ളത്.