ലോക വനദിനം: ജില്ലാതല ആഘോഷവും വനമിത്ര അവാര്‍ഡ് ദാനവും നടത്തി

post

ഇടുക്കി : ലോക വനദിനത്തിന്റെ ഭാഗമായി ഇടുക്കി വൈല്‍ഡ് ലൈഫ് ഡോര്‍മെറ്ററിയില്‍ സംഘടിപ്പിച്ച ജില്ലാതല ആഘോഷം കളക്ടര്‍ എച്ച്. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണം മനുഷ്യരാശിയുടെ ആവശ്യമാണെന്ന് കളക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മനുഷ്യനില്ലെങ്കില്‍ പ്രകൃതിയും ജീവജാലങ്ങളും കോടിക്കണക്കിന് വര്‍ഷങ്ങള്‍ നിലനില്‍ക്കും. എന്നാല്‍ വനവും അതിലെ ജീവജാലങ്ങളും ഇല്ലെങ്കില്‍ മനുഷ്യരാശി മൂന്ന് മാസം പോലും അതിജീവിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. വനസംരക്ഷണത്തിനായി വിദ്യാര്‍ത്ഥികളും പൊതു സമൂഹവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്നും കളക്ടര്‍ സൂചിപ്പിച്ചു. 

വനസംരക്ഷണം, സമുദ്രസംരക്ഷണം, തീരദേശപരിപാലനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ മാനിച്ച് കേരള വനം വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള വനമിത്ര പുരസ്‌കാരം തൊടുപുഴ മീന്‍മുട്ടി മാര്‍ മാത്യൂസ് യു.പി. സ്‌കൂളിനും, കെ.ബുള്‍ബേന്ദ്രനും കളക്ടര്‍ കൈമാറി. ഇതോടൊപ്പം ദേശീയ വനം കായിക മേള ജേതാക്കളായ നിര്‍മ്മല റാണി മാത്യു (ബി.എഫ്.ഒ., തൊടുപുഴ വേളൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍),  പ്രഫുല്‍ കെ കുറ്റിശ്ശേരി  (ബി.എഫ്.ഒ തൊടുപുഴ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് ) എന്നിവരെ ആദരിച്ചു.

മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍.സുരേഷ് ചടങ്ങില്‍ അദ്ധ്യക്ഷനായി. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ഇടുക്കി ഡിവിഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷാന്‍ട്രി ടോം എന്നിവര്‍ സംസാരിച്ചു. ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. രാഹുല്‍ സ്വാഗതവും മൂന്നാര്‍ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി.അജി കൃതജ്ഞതയും പറഞ്ഞു. ചടങ്ങിനെത്തിയവര്‍ വന സംരക്ഷണ പ്രതിജ്ഞയെടുത്തു. പരിപാടിയോടനുബന്ധിച്ച് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് പ്രൊഫ. ഡോ. ജിജി ജോസഫിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ക്ലാസ് നടത്തി