സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറിക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ജീവനി പദ്ധതി

post

പാലക്കാട് : കൃഷിക്ക് പ്രാഥമിക പരിഗണന നല്‍കി സംസ്ഥാനത്ത് വിഷരഹിത-സുരക്ഷിത പോഷക സമൃദ്ധ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനാണ് ജീവനി പദ്ധതിയെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്  (2020 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ വരെ) 470 ദിവസത്തിനകം സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജീവനി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയിലെ പുരോഗതി അളക്കുന്നത് കാര്‍ഷിക വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം കാര്‍ഷിക മേഖലയില്‍ ഘട്ടം ഘട്ടമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലില്‍ സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് ദേശീയ വളര്‍ച്ചാ നിരക്കിനേക്കാല്‍ പ്ലസ് 3.68 ശതമാനം ഉയര്‍ന്നതായി മന്ത്രി അറിയിച്ചു. കര്‍ഷകര്‍ക്ക് വരുമാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് രാജ്യത്തെ ആദ്യ കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകൃതമാവുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 18 നും 55 ഇടയില്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കും. അതോടൊപ്പം കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ചികിത്സാ വിവാഹ വിദ്യാഭ്യാസ ധനസഹായം, ഇന്‍ഷൂറന്‍സ് എന്നിവ ലഭ്യമാക്കും.

സംസ്ഥാനത്ത് നെല്‍കൃഷി ലാഭകരമാണ്. 26.90 രൂപയാണ് നെല്ല് സംഭരണത്തിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് 2029 ഓടെ നാളികേര മിഷന്റെ സഹകരണത്തോടെ രണ്ട് കോടി തെങ്ങിന്‍ തൈകള്‍ വെച്ച്പിടിപ്പിക്കും. ജില്ലയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, എല്ലാവരും സുരക്ഷിത പച്ചക്കറി കൃഷികള്‍ അവലംബിക്കണമെന്നും മന്ത്രി പറഞ്ഞു. ജൈവപച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിക്ക് കൈമാറി. നാടന്‍ വിത്തിനങ്ങള്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ധന്യയ്ക്ക് മന്ത്രി നല്‍കി. വേലന്താവളം എ വണ്‍ മഹലില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷതവഹിച്ചു. വടകരപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. കൊളന്തെ തെരേസ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വി. മുരുകദാസ്, പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ബി.ശ്രീകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍(എന്‍.ഡബ്ല്യൂ.ഡി.പി.ആര്‍.എ) സി.ജെ സണ്ണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത, ഹരിതകേരളം ജില്ലാ കോഓഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍,  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍(ഇ ആന്‍ഡ് ടി) എ.വസന്ത എന്നിവര്‍ സംസാരിച്ചു.