ജില്ലയില്‍ കോവിഡ്-19 മെഗാ വാക്സിനേഷന്‍ ക്യാമ്പയിന്‍ മാര്‍ച്ച് 15 മുതല്‍

post

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് -19 മെഗാ വാക്സിനേഷന്‍ ക്യാമ്പയിന്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ .വി .രാംദാസ് അറിയിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭാ പരിധികളിലുള്ള 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ഗുരുതര രോഗം ബാധിച്ചവര്‍ എന്നിവര്‍ക്കാണ് മെഗാ വാക്സിനേഷന്‍ കാമ്പയിനില്‍       വാക്സിനേഷന്‍ നല്‍കുന്നത്. 45 വയസ്സിനും 59 വയസ്സിനുമിടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍ ഇതുസംബന്ധിച്ച്  മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട സാക്ഷ്യപത്രം സഹിതമാണ് വാക്സിനേഷന് വരേണ്ടത്.

കാസര്‍കോട് നഗരസഭാ പരിധിയിലെ ഗവ. ഫിഷറീസ് സ്‌കൂള്‍ കാസര്‍കോട്, , മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലും കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി പടന്നക്കാട്, സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാഞ്ഞങ്ങാട്  എന്നിവിടങ്ങളിലുമായി  മാര്‍ച്ച് 15, 16, 18, 19, 20, 22 തിയ്യതികളിലായാണ് മെഗാ വാക്സിനേഷന്‍ ക്യാമ്പയിന്‍ നടക്കുന്നത്. രാവിലെ 9 മണിമുതല്‍ വൈകിട്ട് 4 മണി വരെയാണ് വാക്സിനേഷന്‍ സമയം. ആശ പ്രവര്‍ത്തകര്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ വാക്സിനേഷന്‍ നല്‍കൂ. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ വെച്ച് പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ നല്‍കുന്നത്.