വനിതാ ദിനം ആചരിച്ചു

post

വയനാട്  : പനമരം ബ്ലോക്ക് പഞ്ചായത്ത്,  വനിതാ ശിശുവികസന വകുപ്പ്  എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഓഫീസുകളില്‍ മുതിര്‍ന്ന വനിതാ ജീവനക്കാരികളായിരുന്നു ഓഫീസ് മേധാവിയുടെ ചുമതല നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി കെ.പി ബീനയും, തദ്ദേശസ്വയംഭരണ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ പി. ശ്യാമിലിയും ഓഫീസ് മേധാവികളായി. സ്ത്രീകളുടെ അവകാശങ്ങള്‍, സ്ത്രീപക്ഷ നിയമങ്ങള്‍ എന്നിവയെ കുറിച്ച് സബ് ജഡ്ജ് കെ.രാജേഷ് ക്ലാസ്സ് എടുത്തു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുല്യഭാവി കൈവരിക്കുവാന്‍ സ്ത്രീ നേത്യത്വം എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വനിതാദിനത്തോടനുബന്ധിച്ച്  പനമരം ഐ.സി.ഡി.എസ് ഓഫീസ്, വണ്‍സ്റ്റോപ്പ് സെന്റര്‍ വയനാട് , ഡി.എല്‍.എസ്.എ വയനാട് എന്നിവരുടെ നേതൃത്വത്തില്‍  ഘോഷ യാത്രയും സംഘടിപ്പിച്ചു. ഘോഷയാത്ര സബ് ജഡ്ജ് കെ.രാജേഷ്  ഫ്‌ളാഗ് ഓഫ് ചെയ്തു. വുമണ്‍ പ്രോട്ടക്ഷന്‍ ഓഫീസര്‍ എ.നിസ്സ, വിവിധ വനിതാ ജന പ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍.സി.സി, എസ്.പി.സി, ഒ.എസ്.സി, ഷെല്‍ട്ടര്‍ ഹോം വയനാട്, ഹരിതകര്‍മ്മസേന, നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍, അധ്യാപിക വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍  തുടങ്ങിയവര്‍  പങ്കെടുത്തു.

 

കല്‍പ്പറ്റയില്‍ നടന്ന വനിതാദിനാചരണം വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.ജെ മേരി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് വി.എം സിസിലി ക്ലാസ് എടുത്തു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം തടയല്‍, നിരോധിക്കല്‍, പരിഹാരം നിയമം 2013 ന്റെ കൈപുസ്തകം വസ്ത്ര വ്യാപാരശാലകളില്‍ നല്‍കി.