നിയമസഭാ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി

post

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ല. സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കണം. മാസ്‌ക്, കൈയുറകള്‍ എന്നിവ കോവിഡ് മാനദണ്ഡപ്രകാരം നശിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മീറ്റിംഗ് ഹാളുകളില്‍ യോഗങ്ങള്‍ നടത്തുന്ന ഹാള്‍/ മുറിയുടെ കവാടത്തില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വലിയ ഹാള്‍ കണ്ടെത്തുകയും എ.സി പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം. കൈ കഴുകാനുള്ള മുറി, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങളില്‍ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യണം.

പ്രചാരണ സമയങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിനു സ്ഥാനാര്‍ഥിയടക്കം അഞ്ചുപേര്‍ മാത്രമേ പാടുള്ളു.

മാസ്‌ക്, ശാരീരിക അകലം എന്നിവ കര്‍ശനമായി പാലിക്കണം. മാസ്‌ക് മുഖത്ത് നിന്നു താഴ്ത്തി ആരെയും അഭിമുഖീകരിക്കരുത്. വീടുകള്‍ക്ക് അകത്തേക്കു പ്രവേശിക്കരുത്. ക്വാറന്റൈനിലുള്ള വീടുകളിലും കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുള്ള വീടുകളിലും പ്രചാരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ പ്രചാരണത്തിനു പോകരുത്. കൃത്യമായ ഇടവേളകളില്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക. ജാഥകളും പൊതുയോഗങ്ങളും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം നടത്തുക.

പൊതുയോഗത്തിനുള്ള മൈതാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍ ഒരുക്കണം. മൈതാനങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തണം.

പൊതുയോഗങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും വേണം.