നിയമസഭാ തെരഞ്ഞെടുപ്പ് പരാതിരഹിതമാക്കും: ജില്ലാ കലക്ടര്‍

post

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ്

കണ്ണൂര്‍: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരാതിരഹിതമാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തവണ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ്്് സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം ഇത് നിശ്ചയിക്കും. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയുടെയും മൈക്രോ ഒബ്സര്‍വര്‍മാരുടെയും സാന്നിധ്യം ഉണ്ടായിരിക്കും. സഹായികള്‍ വോട്ട് ചെയ്യുന്ന കേസുകള്‍ ജില്ലയില്‍ പൊതുവെ കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വോട്ടറുടെയും പകരം വോട്ട് ചെയ്യുന്ന സഹായിയുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് തടയുമെന്നും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുമായുള്ള ആശയവിനിമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.