കേരളത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന രീതികളെ അഭിനന്ദിച്ച് വിദഗ്ദ്ധര്‍

post

തിരുവനന്തപുരം: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തില്‍ കേരളത്തിന്റെ മാലിന്യ സംസ്‌കരണ മാതൃകകളെ അഭിനന്ദിച്ച് വിദഗ്ധര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതോടൊപ്പം പദ്ധതികള്‍ മികച്ചതാക്കാനുള്ള  നിര്‍ദ്ദേശങ്ങളും ആശയങ്ങളും വിദഗ്ധര്‍  മുന്നോട്ടുവച്ചു.

യുഎന്‍ഡിപി വിവിധ മാലിന്യ നിര്‍മാര്‍ജ്ജന പരിപാടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹരിത കേരള മിഷനുമായി  ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം സംഗമങ്ങള്‍ വഴി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ മുഴുവന്‍ അറിയപ്പെടുമെന്നും ഐക്യ രാഷ്ട്ര വികസന പദ്ധതിയുടെ പ്രോജക്ട് ഓഫീസര്‍ അരുണ്‍ രാമചന്ദ്രന്‍ പറഞ്ഞു. 

കേരള മാതൃക ദേശീയ തലത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് നാഗ്പൂരിലെ ദേശീയ പരിസ്ഥിതി എഞ്ചിനിയറിങ് ഗവേഷണ സ്ഥാപനത്തിലെ  ശാസ്ത്രജ്ഞന്‍ ഡോ. രാജേഷ് ബിനിവാലെ അറിയിച്ചു. ശുചിത്വ സംഗമം പോലെയുള്ള പരിപാടികള്‍ എല്ലാവരും ഒത്തുചേരുന്നതിലൂടെയും അനുഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെയും കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നത്. ഇത് വളരെ സ്വാഗതാര്‍ഹമാണെന്നും ഡോ. രാജേഷ് കൂട്ടിച്ചേര്‍ത്തു.

മാലിന്യ സംസ്‌കരണത്തില്‍ രാജ്യത്തിന് മാതൃകയാകാന്‍ കേരളം ശ്രമിക്കുന്നുണ്ടെന്ന് മുന്‍ പരിസ്ഥിതിവനംകാലാവസ്ഥാ വ്യതിയാന  സെക്രട്ടറി ഹേം പാണ്ഡെ പറഞ്ഞു. മാലിന്യ  സംസ്‌കരണത്തില്‍ കേരളം നടത്തിയ ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം ആലപ്പുഴ മോഡല്‍ രാജ്യത്തുടനീളം അറിയപ്പെടുന്നതാണെന്നും പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടുകള്‍ വിനിയോഗിക്കുന്നതിന് കൂടുതല്‍ സ്വതന്ത്ര്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാലിന്യ സംസ്‌കരണത്തില്‍ കേരളത്തിന്റെ കാര്യക്ഷമത  രാജ്യത്തിന് മുഴുവന്‍ മാതൃകയാണെന്ന് ന്യൂഡല്‍ഹിയിലെ സെന്റര്‍ ഓഫ് സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്  പ്രോജക്ട് മാനേജര്‍ സ്വാതി സിംഗ് സാംബയല്‍ പറഞ്ഞു. സമീപ ഭാവിയില്‍ പുനരുപയോഗമേഖലയില്‍ നിക്ഷേപം നടത്താന്‍ ധാരാളം ഏജന്‍സികള്‍ എത്തുമെന്ന് കരുതുന്നു. സംഗമത്തിലെ അവതരണങ്ങളിലൂടെ ധാരാളം കാര്യങ്ങള്‍ തങ്ങള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞെന്ന് അവര്‍ പറഞ്ഞു. കേരളത്തിന് പുറത്ത് നിന്നുളള മാലിന്യ സംസ്‌കരണ വിദഗ്ധരായ ഇരുപത്തിരണ്ടോളം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്.