കാട്ടുതീ ഭീഷണി : ജാഗ്രത നിര്‍ദേശം നല്‍കി

post

കോഴിക്കോട്: ജില്ലയില്‍ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്താന്‍ കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. കളക്ടര്‍മാര്‍ക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവര്‍ഗ വികസന, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.

 കാട്ടുതീ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാന്‍ കണ്‍ട്രോള്‍ റൂം നമ്പര്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കും.  വനം വകുപ്പിന് കീഴില്‍ തീ കെടുത്താന്‍ വേണ്ട ഉപകരണങ്ങളും ജീവനക്കാരും ഉണ്ടെന്ന് ഉറപ്പ് വരുത്തും. ആവശ്യമെങ്കില്‍ എല്ലാ റെയിഞ്ചിലേക്കും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ നിന്നും ജീവനക്കാരെ നിയോഗിക്കും.

കാട്ടുതീ സാധ്യതാ മേഖലകളില്‍ ഫയര്‍ ലൈനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തും. കാട്ടുതീ സാധ്യതാ മേഖലകളില്‍ 'കോണ്‍ട്രോള്‍ഡ് ബര്‍ണിങ്' നടത്തും.

വനത്തിനുള്ളിലും വനാതിര്‍ത്തികളിലും പകല്‍ സമയത്തും രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കും. കാട്ടുതീ സാധ്യത മേഖലകളിലും മുന്‍ വര്‍ഷങ്ങളില്‍ കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണം.

അകാരണമായി വനത്തിനുള്ളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കും. വനത്തിനുള്ളിലെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ അകാരണമായി നിര്‍ത്തുന്നില്ല എന്ന് ഉറപ്പു വരുത്തും. ടൂറിസം മേഖലകളില്‍ ക്യാമ്പ്ഫയര്‍, സിഗരറ്റ് ഉപയോഗം എന്നിവ നിരോധിക്കും. ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കുന്നുണ്ടെന്നും അവരുടെ എണ്ണം പര്യാപ്തമാണെന്നും ഉറപ്പു വരുത്തും. റേഞ്ച് തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കും. വനസംരക്ഷണ സമിതികള്‍ വഴി അംഗങ്ങള്‍ക്ക് കാട്ടുതീ നേരിടാനുള്ള പരിശീലനം ഇതിനോടകം നല്‍കി.  വാഹനങ്ങള്‍ എത്തിപ്പെടുന്ന സ്ഥലങ്ങളില്‍ ഫയര്‍ ഫോഴ്‌സിന്റെ സേവനം ആവശ്യപ്പെടും.

വനത്തിനുള്ളില്‍ താമസിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ കോളനികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിനു നിര്‍ദേശം നല്‍കി. കോളനികളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും.  കാട്ടുതീ ഉണ്ടാകുന്ന പക്ഷം അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കും.

വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാട്ടുതീ ബോധവല്‍ക്കരണം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി.

സന്നദ്ധ സേനയുടെ മാതൃകയില്‍ കാട്ടുതീ പ്രതിരോധത്തിനായി പ്രദേശവാസികളുടെ കൂട്ടായ്മ രൂപീകരിക്കും. പഞ്ചായത്തുകളില്‍ നിലവിലുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിലെ  അംഗങ്ങളെ സജ്ജരാക്കാനും ആവശ്യമായ പരിശീലനം നല്‍കാനും  നടപടികള്‍ സ്വീകരിക്കും.