പോസ്റ്റല്‍ വോട്ടിനായുളള അപേക്ഷാ ഫോമുകളുടെ വിതരണം ആരംഭിച്ചു

post

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുതായി എര്‍പ്പെടുത്തിയ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യത്തിനായുള്ള അപേക്ഷകളുടെ (12 (ഡി) ഫോമുകള്‍) വിതരണം ജില്ലയില്‍ ആരംഭിച്ചു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

പോസ്റ്റല്‍ വോട്ടിനായുളള അപേക്ഷയായ 12 (ഡി) ഫോമുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയാണ് അര്‍ഹരായ സമ്മതിദായകരുടെ വീടുകളില്‍ എത്തിക്കുന്നത്. ഫോമുകള്‍ പൂരിപ്പിച്ച് ഈ മാസം 17നകം തിരിച്ചേല്‍പ്പിക്കണം. പോസ്റ്റല്‍ വോട്ടിന് താല്‍പര്യമില്ലാത്തവര്‍ക്ക് 12 (ഡി) ഫോറം നിരസിച്ച് സാധാരണ പോലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാം. ഫോറം പൂരിപ്പിച്ച് നല്‍കിയവര്‍ക്ക് പോസ്റ്റല്‍ വോട്ടിന് മാത്രമാണ് അനുമതി.

ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 80 വയസിന് മുകളില്‍ പ്രായമായ 38,696 വോട്ടര്‍മാര്‍, 14,671 ഭിന്നശേഷിക്കാര്‍ എന്നിവരാണുള്ളത്. 80 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ 12 (ഡി) ഫോറം മാത്രം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. ഇതിന് ബിഎല്‍ഒമാരുടെ സഹായം ലഭ്യമാണ്. ഭിന്നശേഷിക്കാരും, കോവിഡ് ബാധിതരും ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയ്ക്കൊപ്പം നല്‍കണം. അപേക്ഷകള്‍ അപ്പോള്‍ തന്നെ പൂരിപ്പിച്ച് നല്‍കുകയോ 17നകം ബിഎല്‍ഒ മാര്‍ മുഖാന്തരം കൈമാറുകയോ ചെയ്യാം.